തിരുവനന്തപുരം: കേരളത്തിൽ മൂന്ന് ഡിജിറ്റൽ സയൻസ് പാർക്കുകൾ ഉടൻ ആരംഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു. ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിന്റെ ആഭിമുഖ്യത്തിൽ ചാലക്കുടി, കോട്ടയം, പരപ്പനങ്ങാടി എന്നിവിടങ്ങളിലാണ് കേന്ദ്രം സ്ഥാപിക്കുക. ചാലക്കുടിയിലെ കേന്ദ്രം ഉടൻ തുറക്കുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിൽ ആരംഭിച്ച നൂതന സംവിധാനങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സമൂഹത്തെ മുന്നോട്ടു നയിക്കുന്നതിൽ ശാസ്ത്ര അവബോധം അത്യന്താപേക്ഷിതമാണെന്നും ശാസ്ത്ര ചിന്തയും ആധുനിക കാഴ്ചപ്പാടുകളും ഉയർത്തിപ്പിടിക്കുകയെന്നതു പ്രധാനമാണെന്നും മന്ത്രി പറഞ്ഞു.കേരളത്തിന്റെ ഏറ്റവും വലിയ സമ്പത്ത് അറിവാണ്. ശാസ്ത്രീയ അറിവുകൾ സമൂഹത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഉപയോഗിക്കാൻ കുട്ടികൾക്ക് കഴിയണം. വിർച്വൽ റിയാലിറ്റിയും ഓഗ്മെന്റഡ് റിയാലിറ്റിയും ജീവിതത്തിലെ എല്ലാ മേഖലകളിലും പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്. ആ നിലയിൽ ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും ഏറ്റവും പുതിയ നേട്ടങ്ങളെ പോലും സ്വാംശീകരിക്കാനും തിരിച്ചറിയാനും കുട്ടികൾക്ക് അവസരം ഒരുക്കുക എന്നതാണ് അവരുടെ ഭാവിക്കും സമൂഹത്തിന്റെ ഭാവിക്കും പ്രധാനമെന്നും മന്ത്രി കൂട്ടിച്ചേർത്തു.