എഫ്.ഐ.ആർ റദ്ദാക്കില്ല, സ്ത്രീത്വത്തെ അപമാനിച്ച കേസിൽ വിചാരണ നേരിടണമെന്ന് ഉണ്ണി മുകുന്ദനോട്  ഹൈക്കോടതി

എഫ്.ഐ.ആർ റദ്ദാക്കില്ല, സ്ത്രീത്വത്തെ അപമാനിച്ച കേസിൽ വിചാരണ നേരിടണമെന്ന് ഉണ്ണി മുകുന്ദനോട്  ഹൈക്കോടതി

കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ ഉണ്ണി മുകുന്ദൻ വിചാരണ നേരിടണമെന്ന് ഹൈക്കോടതി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടൻ നൽകിയ ഹർജിയിലാണ് ഉത്തരവ്. പീഡന പരാതിയിൽ എഫ്.ഐ.ആർ റദ്ദാക്കണമെന്ന നടന്റെ ആവശ്യം തള്ളി. ജസ്റ്റിസ് കെ. ബാബുവിന്റേതാണ് ഉത്തരവ്. വിചാരണ നടപടി സ്റ്റേ ചെയ്ത തീരുമാനം നേരത്തെ ഹൈക്കോടതി റദ്ദാക്കിയിരുന്നു.

കേസ് ഒത്തുതീർപ്പാക്കിയതായി നേരത്തെ ഉണ്ണി മുകുന്ദന്റെ അഭിഭാഷകൻ സൈബി ജോസ് കോടതിയെ അറിയിച്ചിരുന്നു. എന്നാൽ ഇത് നിഷേധിച്ച് പരാതിക്കാരി പിന്നീട് രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിൽ കോടതി നടപടികൾ തുടരാമെന്നും സിംഗിൾ ബെഞ്ച് വ്യക്തമാക്കി. കേസ് റദ്ദാക്കേണ്ട സാഹചര്യമില്ലെന്നും പരാതിക്കാരി തന്നെ ഒത്തുതീർപ്പിന് തയ്യാറല്ലെന്നും നേരത്തെ വ്യക്തമാക്കിയിട്ടുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. തുടർന്നാണ് വിചാരണ നടപടികൾക്കുള്ള സ്റ്റേ നീക്കിയ ശേഷം വിചാരണ തുടരാൻ കോടതി നിർദ്ദേശം നൽകിയത്.കോടതിയെ തെറ്റിദ്ധരിപ്പിച്ചത് അതീവ ഗൗരവതരമായ കാര്യമാണെന്നും കള്ളക്കളി അനുവദിക്കില്ലെന്നും ജസ്റ്റിസ് കെ ബാബു വ്യക്തമാക്കി. കേസിൽ വിശദമായ സത്യവാങ്മൂലം സമർപ്പിക്കാനും ഉണ്ണി മുകുന്ദന് ഹൈക്കോടതി നിർദേശം നൽകി.

സിനിമയുടെ കഥ പറയാൻ  ഉണ്ണി മുകുന്ദന്‍റെ ഫ്ലാറ്റിലെത്തിയ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. സംഭവത്തിന് ശേഷം യുവതിയെ അപകീര്‍ത്തിപ്പെടുത്താനും ഭീഷണിപ്പെടുത്താനും നടന്‍ ശ്രമിച്ചുവെന്നും  പരാതിയിലുണ്ട്. 2017 ഓഗസ്റ്റ് 23നാണ് സംഭവം നടന്നതെന്ന് പറയുന്നു. 2017 സെപ്റ്റംബര്‍ 15നാണ് യുവതി പരാതി നല്‍കിയത്.കോട്ടയം സ്വദേശിയായ യുവതിക്കെതിരെ ഉണ്ണിമുകുന്ദനും പരാതി നല്‍കിയിട്ടുണ്ട്. യുവതി പറയുന്നത് നുണയാണെന്നും തന്നെ ഭീഷണിപ്പെടുത്തിയെന്നുമാണ് ഉണ്ണി മുകുന്ദന്റെ ആരോപണം. കേസില്‍ കുടുക്കാതിരിക്കാന്‍ 25 ലക്ഷം രൂപ തരണമെന്ന് യുവതി ഭീഷണിപ്പെടുത്തിയെന്നാണ് നടന്‍റെ പരാതി. കേസില്‍ ഉണ്ണി മുകുന്ദന്‍ ഇപ്പോള്‍ ജാമ്യത്തിലാണ്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *