ന്യൂഡൽഹി: ഹിൻഡൻബർഗ് റിപ്പോർട്ടിൽ വ്യവസായി ഗൗതം അദാനിക്കെതിരായ അന്വേഷണം പൂർത്തിയാക്കാൻ കൂടുതൽ സമയം അനുവദിക്കാനാവില്ലെന്ന് സുപ്രീം കോടതി. അന്വേഷണത്തിന് ആറുമാസം കൂടി വേണമെന്ന സെബിയുടെ ആവശ്യം അംഗീകരിച്ചില്ല.
മൂന്നുമാസംകൂടി അനുവദിക്കാമെന്ന് ചീഫ് ജസ്റ്റീസ് അറിയിച്ചു. എന്നാല്‍ മൂന്നുമാസം മതിയാകില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു. തിങ്കളാഴ്ച കേസ് വീണ്ടും പരിഗണിക്കുമ്പോൾ സമയപരിധി സംബന്ധിച്ച് വിധി പറയും. ഓഹരികളിൽ കൃത്രിമം നടത്തിയെന്നത് ഉൾപ്പടെ ഗുരുതര ആരോപണങ്ങളാണ് ഗൗതം അദാനിക്കെതിരെ ഉയർന്നത്. ഇതിലാണ് അന്വേഷണം.
വിഷയത്തിൽ സുപ്രീം കോടതി നിയോഗിച്ച ജസ്റ്റീസ് (റിട്ട) എ.എം. സാപ്രെ കമ്മിറ്റിയുടെ റിപ്പോർട്ട് ലഭിച്ചിട്ടുണ്ടെന്നും ഇത് പരിശോധിച്ച ശേഷം തിങ്കളാഴ്ച തീർപ്പുകൽപ്പിക്കാമെന്നും ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് അറിയിച്ചു. ജസ്റ്റീസുമാരായ പി.എസ്. നരസിംഹ, ജെ.ബി. പർദിവാല എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങൾ.