തിരുവനന്തപുരം : ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ചക്രവാതച്ചുഴി നാളെയോടെ ന്യൂനമര്‍ദമായും ചൊവ്വാഴ്ച തീവ്രന്യൂനമര്‍ദമായും ശക്തി പ്രാപിച്ചേക്കും. വരുന്ന അഞ്ചു ദിവസങ്ങളിൽ സംസ്ഥാനത്ത് കനത്ത മഴ പ്രതീക്ഷിക്കാമെന്നാണ് കാലാവസ്ഥാ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്. തീവ്ര ന്യൂനമർദം പിന്നീട് വടക്ക് ദിശയിലേക്ക് പ്രവഹിച്ച് മധ്യ ബംഗാൾ ഉൾകടലിലേക്ക് നീങ്ങുന്ന പാതയിൽ ചുഴലിക്കാറ്റായി ശക്തി പ്രാപിക്കാൻ സാധ്യതയുമുണ്ട്.
മോക്ക ചുഴലിക്കാറ്റ് കേരളത്തെ ബാധിക്കില്ലെങ്കിലും കേരളത്തിൽ അടുത്ത 5 ദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയും മിന്നലും കാറ്റോടും കൂടിയ മഴക്ക് സാധ്യതയുണ്ട്. ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ പെയ്തേക്കും. മേയ് 08 മുതൽ മേയ് 10 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 30 മുതൽ 40 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനുമാണ് സാധ്യത. നാളെ എറണാകുളം, വയനാട് ജില്ലകളിൽ മഞ്ഞ അലർട്ടാണ്. ചൊവ്വാഴ്ച എറണാകുളം, ഇടുക്കി ജില്ലകളിലും ബുധനാഴ്ച കോഴിക്കോട്, വയനാട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
ഇന്ന് രാത്രി11.30 വരെ 0.8 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ആയതിന്റെ വേഗത 20 – 50 cm/sec വരെ മാറിവരുവാൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഇന്ന് തെക്ക്-കിഴക്കൻ ബംഗാൾ ഉൾകടൽ, തെക്ക് ആൻഡമാൻ കടലിൻറെ തെക്കൻ ഭാഗങ്ങൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത. കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.