തിരുവനന്തപുരം: ആരോഗ്യ പ്രവർത്തകർക്കു നേരെ അക്രമം നടത്തുന്നവർക്കെതിരേ ഏഴു വർഷം വരെ തടവും അഞ്ചു ലക്ഷം രൂപ വരെ പിഴയും ശിക്ഷ ലഭിക്കുന്ന നിയമ ഭേദഗതി ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടതോടെ നിയമം പ്രാബല്യത്തിലായി. കഴിഞ്ഞ ആഴ്ച മന്ത്രിസഭ അംഗീകരിച്ച 2012ലെ കേരള ആരോഗ്യ രക്ഷാ സേവന പ്രവർത്തകരും ആരോഗ്യരക്ഷാ സേവന സ്ഥാപനങ്ങളും (അക്രമവും സ്വത്തിനുള്ള നാശവും തടയൽ) ഭേദഗതി ഓർഡിനൻസാണ് ഗവർണർ അംഗീകരിച്ചത്.
രാവിലെ സർക്കാർ രാജ്ഭവനിൽ എത്തിച്ച ഓർഡിനൻസ് പൊതു പ്രാധാന്യം കണക്കിലെടുത്ത് വൈകുന്നേരത്തോടെ ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ ഒപ്പുവയ്ക്കുകയായിരുന്നു. ബില്ലിൽ ഒപ്പുവച്ച ശേഷം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഡൽഹിക്കു പോയി. ഇനി 29നു മാത്രമേ മടങ്ങിയെത്തുകയുള്ളു. കൊട്ടാരക്കര ആശുപത്രിയിലെ ഡോക്‌ടറായിരുന്ന വന്ദനയുടെ കൊലയ്‌ക്ക് പിന്നാലെയാണ് അടിയന്തിരമായി സർക്കാർ ഓർഡിനൻസ് തയ്യാറാക്കിയത്.
ആരോഗ്യ പ്രവർത്തകർക്കും സ്ഥാപനങ്ങൾക്കും നേർക്കുണ്ടാകുന്ന അക്രമങ്ങളിൽ വിചാരണ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി എല്ലാ ജില്ലകളിലും ഇത്തരം കേസുകൾ കൈകാര്യം ചെയ്യുന്നതിനായി ഹൈക്കോടതി അനുമതിയോടെ സ്പെഷൽ കോടതികൾ സ്ഥാപിക്കുമെന്നും ഭേദഗതിയിൽ പറയുന്നു. കേസുകൾ കൈകാര്യം ചെയ്യാൻ സ്പെഷൽ പ്രോസിക്യൂട്ടർമാരെ നിയോഗിക്കും. എഫ്ഐആർ രജിസ്റ്റർ ചെയ്ത് രണ്ടു മാസത്തിനുള്ളിൽ കേസ് അന്വേഷണം പൂർത്തിയാക്കും. ഒരു വർഷത്തിനുള്ളിൽ വിചാരണയും പൂർത്തിയാക്കും. ആരോഗ്യപ്രവർത്തകർക്കെതിരായ അതിക്രമങ്ങൾ, അസഭ്യം പറയൽ, അധിക്ഷേപം എന്നിവയ്‌ക്കടക്കം കർശന ശിക്ഷ നൽകുന്ന നിയമ ഭേദഗതിയാണ് ഉള്ളത്. ആരോഗ്യപ്രവർത്തകർക്കെതിരായ അതിക്രമം ഏഴ് വർഷം പരമാവധി ശിക്ഷ കിട്ടുന്ന കുറ്റമാണ്. കുറഞ്ഞ ശിക്ഷ ആറ് മാസമാണ്. പുതിയ ഓർഡിനൻസിന്റെ പരിധിയിൽ നഴ്‌സിംഗ് കോളേജുകളടക്കം മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളും വരും.
കഴിഞ്ഞ 17ന് ചേർന്ന മന്ത്രിസഭാ യോഗമാണ് ഓർഡിനൻസിറക്കിയത്. 2012ലെ കേരള ആരോഗ്യരക്ഷാ സേവന പ്രവർത്തകരും ആരോഗ്യരക്ഷാ സേവന സ്ഥാപനങ്ങളും (അക്രമവും സ്വത്തിനുള്ള നാശവും തടയൽ) നിയമത്തിലെ രണ്ട്, നാല് വകുപ്പുകൾ ഭേദഗതി ചെയ്യാനാണ് ഓർഡിനൻസ് കൊണ്ടുവന്നത്. പാരാമെഡിക്കൽ വിദ്യാർത്ഥികൾ, പാരാമെഡിക്കൽ ജീവനക്കാർ, സെക്യൂരിറ്റി ഗാർഡുകൾ, മാനേജീരിയൽ സ്റ്റാഫുകൾ, ആംബുലൻസ് ഡ്രൈവർമാർ, ഹെൽപ്പർമാർ, അടിയന്തര സന്ദർഭങ്ങളിൽ സർക്കാർ ഗസറ്റിൽ വിജ്ഞാപനം ചെയ്യുന്ന ആരോഗ്യപ്രവർത്തകർ എന്നിവർക്കു കൂടി പുതിയ നിയമത്തിൽ പരിരക്ഷയുണ്ടാവുമെന്നാണ് ഓർഡിനൻസിലുള്ളത്.