കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ 1.17 കോടിയുടെ സ്വര്‍ണം കടത്താന്‍ ശ്രമിച്ച യുവതി പിടിയിൽ. കുന്നമംഗലം സ്വദേശി ഷബ്ന(33)യാണ് അറസ്റ്റിലായത്. ജിദ്ദയില്‍നിന്നെത്തിയ ഇവര്‍ അടിവസ്ത്രത്തിനുള്ളില്‍ സ്വര്‍ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമിക്കവേയാണ് പിടിയിലായത്.
ചൊവ്വാഴ്ച വൈകിട്ട് ജിദ്ദയിൽനിന്നുള്ള സ്പൈസ് ജെറ്റ് വിമാനത്തിലാണ് ഷബ്ന കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയത്. വസ്ത്രത്തിനുള്ളില്‍ മിശ്രിതരൂപത്തിലാണ് ഇവര്‍ സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. 1,884 ഗ്രാം സ്വര്‍ണമാണ് ഇവരുടെ പക്കല്‍ ഉണ്ടായിരുന്നത്.
കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച് ഇവര്‍ വിമാനത്താവളത്തിന് പുറത്തെത്തിയെങ്കിലും പോലീസ് പരിശോധനയിൽ കുടുങ്ങുകയായിരുന്നു.
വിമാനത്താവളത്തില്‍നിന്നു പുറത്തിറങ്ങിയ ഷബ്ന, പുറത്ത് പോലീസ് ഉണ്ടെന്ന് മനസിലാക്കി കൈവശമുണ്ടായിരുന്ന സ്വര്‍ണം ഹാന്‍ഡ് ബാഗിലേക്ക് മാറ്റുകയും പിന്നീട് കാറിന്റെ ഡോര്‍ പോക്കറ്റില്‍ ബാഗ് നിക്ഷേപിക്കുകയുമായിരുന്നു.
തുടര്‍ന്നാണ് ഇവര്‍ പോലീസിന്റെ ചോദ്യംചെയ്യലിനോട് സഹകരിച്ചത്. ഇത് മനസിലാക്കിയ പോലീസ് വാഹനം പരിശോധിച്ചപ്പോഴാണ് സ്വര്‍ണം കണ്ടെത്തിയത്.