കൊച്ചി: കേന്ദ്രസര്‍ക്കാരിനെതിരേ ശബ്ദമുയര്‍ത്തി എന്ന കാരണം പറഞ്ഞു റിലീസിംഗ് തടഞ്ഞുവച്ച തന്റെ “ഫ്ലഷ്’ എന്ന സിനിമ പ്രദര്‍ശിപ്പിക്കാന്‍ നിര്‍മാതാവ് തയാറായില്ലെങ്കില്‍ സിനിമയിലെ ചില സീനുകള്‍ യൂട്യൂബിലൂടെ പുറത്തിറക്കുമെന്ന് യുവ സംവിധായക ഐഷ സുല്‍ത്താന. ഒരു മാസമാണ് റിലീസിംഗ് അനുവദിക്കുന്നതിനായി ഐഷ നിര്‍മാതാവിന് നല്‍കിയിരിക്കുന്നത്.
സ്വന്തം നിലയില്‍ സിനിമ റിലീസ് ചെയ്യുന്നതുവഴി ഉണ്ടായേക്കാവുന്ന നിയമനടപടികള്‍ നേരിടാന്‍ തയാറാണെന്നും ഐഷ സുല്‍ത്താന പത്രസമ്മേളനത്തില്‍ പറഞ്ഞു. ലക്ഷദ്വീപിലെ ജനങ്ങള്‍ അനുഭവിക്കുന്ന ദുരവസ്ഥയാണു ചിത്രത്തില്‍ വരച്ചുകാട്ടിയത്. മെച്ചപ്പെട്ട ആശുപത്രികളോ വിദ്യാഭ്യാസ സ്ഥാപനങ്ങളോ ഇല്ലാതെ കഷ്ടപ്പെടുന്ന ലക്ഷദ്വീപ് ജനത അടിച്ചമര്‍ത്തലിനും ഇരയാകുന്നുണ്ട്.
സ്വന്തം നാടിന്റെ ആവശ്യങ്ങളും പോരായ്മകളും സിനിമയിലൂടെയെങ്കിലും പുറംലോകം അറിയണമെന്നു പറഞ്ഞാണ് നിര്‍മാതാവ് ബീന കാസിം സിനിമ നിര്‍മിക്കാന്‍ തയാറായത്. എന്നാല്‍ നിര്‍മാതാവിന്റെ ഭര്‍ത്താവ് ലക്ഷദ്വീപ് ബിജെപി ജനറല്‍ സെക്രട്ടറിയായതിന്റെ പേരിലാണു റിലീസില്‍ നിന്ന് പിന്മാറുന്നതെന്നും ഐഷ ആരോപിച്ചു.