ആലപ്പുഴ : വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിക്കു സമീപമുള്ള മെഡിക്കൽ സർവീസസ് കോർപറേഷന്റെ ഗോഡൗണിൽ തീപിടിത്തം. ബ്ലീച്ചിങ് പൗഡർ സൂക്ഷിച്ചിരുന്ന മുറികളിലാണ് പുലർച്ചെ ഒന്നരയോടെ തീപിടിച്ചത്. മരുന്നുകൾ സൂക്ഷിച്ചിരുന്നിടത്തേക്ക് പടരുംമുൻപ് തീയണച്ചു. പ്രധാന കെട്ടിടത്തിന്റെ ജനലുകളും എയർ കണ്ടീഷണറുകളും കത്തി.
തീപടര്‍ന്ന് ഒരു മണിക്കൂറിനുള്ളില്‍ തന്നെ പൂര്‍ണമായും നിയന്ത്രണവിധേയമായി. ബ്ലീച്ചിംഗ് പൗഡർ സൂക്ഷിച്ചിരുന്ന കെട്ടിടത്തിലാണ് തീപിടിച്ചത്. ഇവിടെ ഓട്ടോമാറ്റിക്കായി തീയണയ്ക്കാനുള്ള സംവിധാനമുണ്ടായിരുന്നു. ഇത് പ്രവർത്തിച്ചതോടെ തീ പെട്ടെന്ന് അണഞ്ഞു. ഇതോടെ വെള്ളം വീണ് ചില മരുന്നുകളും നശിച്ചു.
അതേസമയം, കെട്ടിടത്തിലെ അഗ്നിരക്ഷാ സംവിധാനം പ്രവർത്തിച്ചില്ല. പത്തുദിവസത്തിനുള്ളിൽ കെഎംഎസ്‌സിഎലിന്റെ മൂന്നാമത്തെ ഗോഡൗണിലാണ് തീപിടിക്കുന്നത്. തിരുവനന്തപുരത്തെ തീപിടിത്തത്തെ തുടർന്ന് ഇവിടെ അഗ്‌നിരക്ഷാ സേന അധികൃതർ പരിശോധന നടത്തിയിരുന്നു. സുരക്ഷാ പ്രശ്നങ്ങളില്ല എന്നായിരുന്നു വിലയിരുത്തൽ.
മരുന്നുകൾ ഇതോടനുബന്ധിച്ചുള്ള വലിയ കെട്ടിടത്തിലാണ് സൂക്ഷിച്ചിരുന്നത്. മരുന്നുകൾ സൂക്ഷിച്ച പ്രധാന കെട്ടിടത്തിലേക്കു തീ പടരുന്നതിനു മുൻപുതന്നെ നിയന്ത്രണവിധേയമാക്കുകയായിരുന്നു. ആലപ്പുഴ ജില്ലയിലെ സർക്കാരാശുപത്രികളിലേക്കു മരുന്ന് എത്തിക്കുന്നത് ഇവിടെ നിന്നാണ്. ആലപ്പുഴയിൽനിന്നെത്തിയ ഫയർഫോഴ്സിന്റെ മൂന്നു യൂണിറ്റുകൾ ചേർന്ന് തീയണച്ചു. ഒരു സെക്യൂരിറ്റി ജീവനക്കാരൻ മാത്രമാണ് ഗോഡൗണിൽ ഉണ്ടായിരുന്നത്.