ചലച്ചിത്ര നടൻ ശരത് ബാബു അന്തരിച്ചു, ‘ശരപഞ്ചരം’, ‘ധന്യ’, ‘ഡെയ്സി’ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്കും സുപരിചിതൻ

ചലച്ചിത്ര നടൻ ശരത് ബാബു അന്തരിച്ചു, ‘ശരപഞ്ചരം’, ‘ധന്യ’, ‘ഡെയ്സി’ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്കും സുപരിചിതൻ

അമരാവതി: തെന്നിന്ത്യൻ ചലച്ചിത്ര നടൻ ശരത് ബാബു അന്തരിച്ചു. 72 വയസായിരുന്നു. തെലുങ്ക്, തമിഴ്, കന്നഡ,മലയാളം അടക്കം 220ൽ അധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അസുഖബാധിതനായതിനെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.‘ശരപഞ്ചരം’, ‘ധന്യ’, ‘ഡെയ്സി’ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്കും സുപരിചിതനായ താരമാണ് ശരത് ബാബു.

സത്യം ബാബു ദീക്ഷിതുലു എന്നാണ് ശരത് ബാബുവിന്റെ യഥാർഥ പേര്.1973ൽ രാമരാജ്യം എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് ശരത് ബാബു അഭിനയ ജീവിതം ആരംഭിച്ചത്. തുടർന്ന് സിംഗീതം ശ്രീനിവാസിന്റെ പന്തുലമ്മ, അമേരിക്ക അമ്മായി എന്നീ ചിത്രങ്ങളിലൂടെ മികച്ച നടനിലേക്ക് വളർന്നു. കെ ബാലചന്ദർ സംവിധാനം ചെയ‌്ത ചിലക്കമ്മ ചെപ്പിണ്ടിയും ശരത് ബാബുവിനെ തെലുങ്ക് പ്രേക്ഷകർക്കിടിയിൽ പ്രിയങ്കരനാക്കി.

1977-ൽ കെ.ബാലചന്ദർ സംവിധാനം ചെയ്ത ‘പട്ടിണ പ്രവേശം’ എന്ന ചിത്രത്തിലൂടെ തമിഴിൽ അരങ്ങേറി.ബാലചന്ദറിന്റെ തന്നെ 1978-ൽ പുറത്തിറങ്ങിയ ‘നിഴൽകൾ നിജമാകിറത്’ എന്ന ചിത്രത്തിലൂടെ തമിഴിൽ പ്രശസ്തനായി. രജനികാന്തിനൊപ്പം മുത്തു, അണ്ണാമലൈ, വേലൈക്കാരൻ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചത് ശരത് ബാബുവിന് തമിഴിലും ഒട്ടേറെ ആരാധകരെ നേടിക്കൊടുത്തു. 1984-ൽ പുറത്തിറങ്ങിയ തുളസീദളയാണ് ആദ്യ കന്നഡ ചിത്രം. 2021-ൽ പുറത്തിറങ്ങിയ ‘വക്കീൽ സാബാ’ണ് ഒടുവിൽ അഭിനയിച്ച തെലുങ്ക് ചിത്രം.

1951 ജൂലായ് 31ന് ആണ് ജനനം. 1974ൽ നടി രാമപ്രഭയെ വിവാഹം കഴിച്ചു. എന്നാൽ 14 വർഷം മാത്രമാണ് ആ ദാമ്പത്യബന്ധം നിലനിന്നത്. 1988 ഇരുവരും വിവാഹമോചിതരായി. തുടർന്ന് 1990ൽ ശരത് ബാബു സ്നേഹ നമ്പ്യാരെ വിവാഹം ചെയ‌്തു. 2011ൽ ആ ബന്ധവും പിരിഞ്ഞു.വസന്ത മുല്ലൈ എന്ന ചിത്രമാണ് ശരത് ബാബുവിന്റെതായി അവസാനമായി റിലീസ് ചെയ‌്തത്. റിലീസിനൊരുങ്ങുന്ന മല്ലി പെല്ലിയിലാണ് ഒടുവിലായി അഭിനയിച്ചത്.മികച്ച നടനുള്ള ആന്ധ്രാപ്രദേശ് സർക്കാരിന്റെ നാന്ദി അവാർഡ്, തമിഴ്നാടിന്റെ സർക്കാരിന്റെ പുരസ്‌കാരം എന്നിവ ശരത് ബാബുവിനെ തേടി എത്തി. 2017ൽ മലയൻ എന്ന ചിത്രത്തിനായിരുന്നു ഇത്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *