ന്യൂഡൽഹി: കർണാടക ഡിജിപിയായിരുന്ന പ്രവീൺ സൂദിനെ സിബിഐ ഡയറക്ടറായി നിയമിച്ചു. രണ്ട് വർഷത്തേക്കാണ് നിയമനം. 1986 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് പ്രവീൺ സൂദ്. ഇദ്ദേഹത്തിനാണ് ആദ്യം മുതൽ പ്രഥമ പരിഗണന ലഭിച്ചിരുന്നത്.
പ്രവീൺ സൂദിന് പുറമെ, മധ്യപ്രദേശ് ഡിജിപി സുധീർ സക്സേന, കേന്ദ്ര ഫയർ സർവീസസ് മേധാവി താജ് ഹസ്സൻ എന്നിവരേയും സിബിഐ തലപ്പത്തേക്ക് പരിഗണിച്ചിരുന്നു. നിലവിലെ സിബിഐ ഡയറക്ടർ സുബോധ് കുമാർ ജയ്സ്വാളിന്റെ കാലാവധി മെയ് 25ന് അവസാനിക്കും.അതേസമയം പ്രവീൺ സൂദിന്റെ നിയമനത്തിൽ കർണാടക കോൺഗ്രസ് പ്രതിഷേധം അറിയിച്ചിട്ടുണ്ട്. പ്രവീൺ സൂദ് മുൻ കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ സർക്കാരിനെ വഴിവിട്ട് സംരക്ഷിക്കുന്നതായി കോൺഗ്രസ് അദ്ധ്യക്ഷൻ ഡി കെ ശിവകുമാർ ആരോപിച്ചിരുന്നു.കോൺഗ്രസ് നേതാക്കളെ കേസിൽ കുടുക്കുന്ന സംസ്ഥാന പൊലീസ് മേധാവിക്കെതിരെ കേസെടുക്കണമെന്ന് ശിവകുമാർ ആവശ്യപ്പെട്ടിരുന്നു.
|