Posted by
By
admin
May 8, 2023
കൊച്ചി : ഇഎസ്ഐ കോർപറേഷൻ ആശുപത്രികളിൽ ലഭ്യമല്ലാത്ത വിദഗ്‌ധ ചികിത്സയ്ക്ക് സ്വകാര്യആശുപത്രികളിലേക്ക് നിർദേശിക്കുന്നത് നിർത്തലാക്കി ഉത്തരവ്. ഇഎസ്ഐ ആശുപത്രികളിൽനിന്ന് ഇനിമുതൽ സർക്കാർ ആശുപത്രികളിലേക്ക് മാത്രം രോഗികളെ നിർദേശിച്ചാൽ മതിയെന്നാണ് കേന്ദ്രസർക്കാർ തീരുമാനം. ഇഎസ്ഐസി മെഡിക്കൽ കമീഷണർ രേഷ്‌മ വർമ ഏപ്രിൽ 29നാണ് ഉത്തരവിറക്കിയത്.
ഇതോടെ ഇഎസ്ഐ കോർപറേഷനുമായി കരാറുള്ള സ്വകാര്യ ആശുപത്രികളിൽ പണം നൽകാതെ ചികിത്സ ലഭ്യമാകുന്ന സൗകര്യം ഇല്ലാതാകും. ലക്ഷക്കണക്കിന് തൊഴിലാളികൾക്ക് ചികിത്സ നിഷേധിക്കപ്പെടും.ഇഎസ്ഐ നിയമത്തിലെ സെക്ഷൻ 59 ഉപവകുപ്പ് 2 പ്രകാരം ചികിത്സാ മാനദണ്ഡങ്ങളിൽ പ്രധാന മാറ്റം വരുത്തുമ്പോൾ തൊഴിലാളികളുടെയും തൊഴിലുടമകളുടെയും പ്രതിനിധികൾ കൂടി അംഗങ്ങളായ ഇഎസ്‌ഐ കോർപറേഷൻ ബോർഡിന്റെ അനുമതിയുണ്ടാകണം. ഇത് ലംഘിച്ചാണ് ഉത്തരവ്. എയിംസ്, ജിപ്മർ പോലുള്ള സർക്കാർ ആശുപത്രികളിലേക്ക് നിർദേശിക്കാമെന്നും ഉത്തരവിൽ പറയുന്നു.