സർവവിജ്ഞാനകോശം, വിശ്വസാഹിത്യ വിജ്ഞാനകോശം പരമ്പരകളുടെ സാരഥി ഡോ. വെള്ളായണി അർജുനൻ അന്തരിച്ചു

തിരുവനന്തപുരം: പത്മ‌ശ്രീ പുരസ്‌കാര ജേതാവും ബഹുഭാഷാ പണ്ഡിതനും സർവവിജ്ഞാനകോശം, വിശ്വസാഹിത്യ വിജ്ഞാനകോശം പരമ്പരകളുടെ സാരഥിയുമായിരുന്ന ഡോ. വെള്ളായണി അർജുനൻ (90) അന്തരിച്ചു. രാവിലെ ഒൻപതേകാലോടെ വസതിയിൽ വച്ചായിരുന്നു അന്ത്യം. സംസ്‌കാരം രാത്രി എട്ട് മണിക്ക് നടക്കും.

നാൽപ്പതോളം പുസ്‌തകങ്ങൾ രചിച്ചു. ഇരുപതോളം പുരസ്കാരങ്ങൾ നേടി.  2008 ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. രാധാമണിയാണ് ഭാര്യ. മക്കൾ: ഡോ. സുപ്രിയ, സാഹിതി, ഡോ. രാജശ്രീ, ജയശങ്കർ പ്രസാദ്. 1933 ഫെബ്രുവരി പത്തിന് പൊന്നുമംഗലം കുരുമി കുന്നത്തുവീട്ടിൽ പി.ശങ്കരപ്പണിക്കരുടെയും പി. നാരായണിയുടെയും മകനായിട്ടാണ് അദ്ദേഹം ജനിച്ചത്. തിരുവനന്തപുരം യൂണി. കോളേജിൽ നിന്ന് മലയാളത്തിൽ എം.എ. ബിരുദവുമായാണ് അദ്ദേഹം തന്റെ വൈജ്ഞാനികയാത്ര ആരംഭിച്ചത്.

എം.എ പാസായി വന്നപ്പോൾ ശൂരനാട് കുഞ്ഞൻപിള്ള അദ്ദേഹത്തെ സഹായിയായി ലെക്‌സിക്കണിൽ നിയമിച്ചു. പിന്നീട് ആർ.ശങ്കർ കൊല്ലം എസ്.എൻ. കോളേജിൽ മലയാളം ലക്‌ചററാക്കി. സ്‌കൂൾതലം മുതലേ ഹിന്ദി പ്രചാരസഭാ ക്ളാസുകൾ ആകർഷിച്ചിരുന്നു. പ്രൈവറ്റായി പഠിച്ച് ഹിന്ദി എം.എ കൂടി പാസായി. അലിഗഡ് മുസ്ളിം യൂണിവേഴ്സിറ്റിയിൽ മലയാളം അദ്ധ്യാപകനായി നിയമനം കിട്ടി. അവിടെയുള്ള എല്ലാ ഡിപ്ളോമകളും കരസ്ഥമാക്കി.

പിഎച്ച്.ഡി നേടിയ അദ്ദേഹം പിൽക്കാലത്ത് മൂന്ന് വിഷയങ്ങളിൽ മൂന്ന് യൂണിവേഴ്സിറ്റികളിൽ നിന്ന് ഡി.ലിറ്റ് ബിരുദങ്ങൾ നേടി. അലിഗഡിൽ ഒൻപത് വർഷമുണ്ടായിരുന്നു. ഇതിനിടയിൽ സ്‌പെഷ്യൽ ഹിന്ദി എം.എയും എം.എ ഇംഗ്ളീഷും പ്രശസ്തമായ നിലയിൽ പാസായി. ആ സമയത്താണ് ഡോ. കെ.എം. ജോർജിനെ മലയാളം സർവവിജ്ഞാനകോശത്തിന്റെ ചീഫ് എഡിറ്ററായി സർക്കാർ നിയമിച്ചത്. ഡോ. വെള്ളായണി അർജുനൻ ഭാഷാവിഭാഗം മേധാവിയായി സർവവിജ്ഞാനകോശത്തിൽ എത്തി. ഡോ. കെ.എം. ജോർജിന്റെ ചിട്ടയായ പ്രവർത്തനംകൊണ്ട് സർവവിജ്ഞാനകോശത്തിന്റെ ഒന്നും രണ്ടും വാല്യങ്ങൾ പുറത്തിറങ്ങി. അച്യുതമേനോൻ സർക്കാർ വെള്ളായണിയെ ഡോ. കെ.എം. ജോർജ് വിരമിച്ച ഒഴിവിൽ ചീഫ് എഡിറ്ററും ഡയറക്ടറുമായി നിയമിച്ചു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *