തിരുവനന്തപുരം: കൊട്ടാരക്കരയില്‍ ഡോ. വന്ദനദാസിനെ കൊലപ്പെടുത്തിയ പ്രതി സന്ദീപിന് മാനസിക പ്രശ്നങ്ങള്‍ ഇല്ലെന്ന് ഡോക്ടര്‍. പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തിലെ ഡോക്ടര്‍ അരുണ്‍ ജയിലിലെത്തിയാണ് സന്ദീപിനെ പരിശോധിച്ചത്.
ആശുപത്രിയില്‍ കൊണ്ടുപോയി ചികിത്സിക്കേണ്ട മാനസികപ്രശ്നങ്ങള്‍ സന്ദീപിനില്ലെന്നും എല്ലാ കാര്യങ്ങളെക്കുറിച്ചും സന്ദീപ് കൃത്യമായി പ്രതികരിക്കുന്നുണ്ടെന്നും ഡോക്ടര്‍ നല്കിയ റിപ്പോര്‍ട്ടിലുണ്ട്. അതേസമയം, താൻ ലഹരിക്ക് അടിമയല്ലെന്ന് ജയിൽ ഉദ്യോഗസ്ഥരോട് സന്ദീപ് പറഞ്ഞു. സംഭവ ദിവസം മദ്യപിച്ചിരുന്നു. നാട്ടുകാർ തന്നെ മർദ്ദിച്ചു. നാട്ടുകാർ പിന്തുടർന്നപ്പോൾ പോലീസിനെ ആദ്യം വിളിച്ചു. പിന്നെ സ്വിച്ച് ഓഫ് ചെയ്ത് കുറ്റിക്കാട്ടിൽ ഒളിച്ചിരുന്നുവെന്നും സന്ദീപ് പറയുന്നു. അതേസമയം, പ്രതിയെ കസ്റ്റഡിയിൽ കിട്ടാൻ അന്വേഷണ സംഘം കോടതിയിൽ തിങ്കളാഴ്ച അപേക്ഷ നൽകും. കൊല്ലപ്പെടുമെന്ന് സന്ദീപ് ഭയപ്പെട്ട കാര്യത്തെക്കുറിച്ചും പരിശോധിക്കും.