തിരുവനന്തപുരം: ഡോ. വന്ദനാ ദാസിനെ ആശുപത്രിയിൽ കുത്തിക്കൊലപ്പെടുത്തിയ പ്രതി ജി. സന്ദീപിനെ പൊതുവിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്തു. മന്ത്രി വി .ശിവൻകുട്ടിയുടെ നിർദേശപ്രകാരം വകുപ്പുതല അന്വേഷണം നടത്തിയാണ് സസ്പെൻഷൻ.
കൊല്ലം നെടുമ്പന യുപി സ്കൂളിലെ അധ്യാപകനാണ് ജി.സന്ദീപ്. കൂടുതൽ തുടർനടപടികൾ ഉണ്ടാകുമെന്ന് മന്ത്രി അറിയിച്ചു.വെളിയം ഉപജില്ലയിലെ വിലങ്ങറ യുപിഎസ് സ്കൂളിൽ നിന്ന് തസ്തിക നഷ്ടപ്പെട്ട് സംരക്ഷിതാധ്യാപകനായി 2021 ഡിസംബർ 14 മുതൽ കുണ്ടറ ഉപജില്ലയിലെ എയ്ഡഡ് സ്കൂൾ ആയ യുപിഎസ് നെടുമ്പനയിൽ ഹെഡ് ടീച്ചർ വേക്കൻസിയിൽ യുപിഎസ്ടി ആയി ജോലി നോക്കുകയായിരുന്നു സന്ദീപ്.
ഇതിനിടെ സന്ദീപിനെ കോടതി റിമാൻഡ് ചെയ്തിരുന്നു. കൊട്ടാരക്കര ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് സന്ദീപിനെ റിമാൻഡ് ചെയ്തത്. 14 ദിവസത്തേക്കാണ് കോടതി റിമാൻഡ് അനുവദിച്ചത്. ആംബുലൻസിൽ വീൽചെയറിലാണ് പ്രതിയെ കോടതിയിൽ എത്തിച്ചത്. റിമാൻഡ് ചെയ്ത സന്ദീപിനെ തിരുവനന്തപുരം സെൻട്രൽ ജയിലിൽ പ്രവേശിപ്പിച്ചു.
കൊട്ടാരക്കര താലൂക്ക് ആശുപത്രി ഹൗസ്സർജൻ ഡോ. വന്ദന ദാസാണ് (23) കൊല്ലപ്പെട്ടത്. പോലീസിനൊപ്പം ആശുപത്രിയിലെത്തിയ പ്രതി ആദ്യം ശാന്തനായിരുന്നെങ്കിലും പിന്നീട് പ്രകോപിതനാകുകയായിരുന്നു. പോലീസുകാരെയും ഹോം ഗാർഡിനെയും ആക്രമിച്ച ശേഷമാണ് പ്രതി വന്ദനയ്ക്ക് നേരെ തിരിഞ്ഞത്.
ഈ സമയം മുറിയിലുണ്ടായിരുന്നവർ മറ്റൊരു റൂമിലേക്ക് രക്ഷപ്പെട്ടെങ്കിലും വന്ദന മാത്രം ഒറ്റപ്പെട്ടുപോകുകയായിരുന്നു. വന്ദനയെ അടിച്ചു നിലത്തുവീഴ്ത്തിയ പ്രതി സർജിക്കൽ ഉപകരണങ്ങൾ ഉപയോഗിച്ച് നെഞ്ചിലും നട്ടെല്ലിലും ആവർത്തിച്ച് കുത്തി.