തിരുവനന്തപുരം: ഡ്യൂട്ടിക്കിടെ യുവ ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് സമരം നടത്തുന്ന ഡോക്ടർമാരുമായി ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ചർച്ച നടത്തും. രാവിലെ പത്തരയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫീസിലാണ് ചര്‍ച്ച. അതേസമയം, ഡോ. വന്ദന ദാസിനെ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ഡോക്ടർമാരുടെ സമരം വ്യാഴാഴ്ചയും തുടരും. അത്യാഹിത വിഭാഗങ്ങളെ മാത്രമാണ് സമരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുള്ളത്.
ബുധനാഴ്ച ഡോക്ടര്‍മാരുടെ സംഘടനയുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമായില്ല. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി നേരിട്ട് ചര്‍ച്ച നടത്തുന്നത്. സര്‍ക്കാരിന് വേണ്ടി ചീഫ് സെക്രട്ടറിയും ആരോഗ്യ സെക്രട്ടറിയുമാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.അത്യാഹിത വിഭാഗം ഒഴിവാക്കിക്കൊണ്ട് സർക്കാർ ഡോക്ടർമാർ സംസ്ഥാന വ്യാപകമായി പ്രതിഷേധിച്ചിരുന്നു. എല്ലാ മെഡിക്കൽ കോളജുകളിലേയും അധ്യാപകരും പിജി വിദ്യാർഥികളും ഹൗസ് സർജൻമാരും മറ്റ് ആശുപത്രികളിലെ ജീവനക്കാരും പണിമുടക്കിൽ പങ്കുചേർന്നു. അടിയന്തര ചികിത്സ ഒഴികെയുള്ള എല്ലാ സേവനങ്ങളും അപ്രതീക്ഷിതമായി നിർത്തിവച്ചതോടെ രോഗികൾ വലഞ്ഞു. കൊല്ലം ജില്ലയിൽ അത്യാഹിത വിഭാഗം ഉൾപ്പെടെ നിർത്തിവച്ചാണ് സമരം നടത്തിയത്.