കോട്ടയം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ അക്രമിയുടെ കുത്തേറ്റ് മരിച്ച ഡോ. വന്ദന ദാസിന്റെ സംസ്കാര ചടങ്ങുകള്‍ ഇന്ന് നടക്കും. ഉച്ചതിരിഞ്ഞ് രണ്ട് മണിക്ക് കോട്ടയം കടുത്തുരുത്തി മുട്ടുച്ചിറയിലെ വീട്ടുവളപ്പിലാണ് സംസ്കാരം നടക്കുക. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം രാത്രി എട്ട് മണിയോടെ വന്ദനയുടെ മൃതദേഹം വീട്ടിലെത്തിച്ചിരുന്നു. മന്ത്രിമാരായ വി.എൻ.വാസവൻ, റോഷി അഗസ്റ്റിൻ, ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉൾപ്പെടെയുള്ളവരും വന്ദനയുടെ വീട്ടിലെത്തി.
ഇന്ന് രാവിലെ മുതല്‍ വീട്ടുമുറ്റത്ത് തയ്യാറാക്കിയ പന്തലില്‍ പൊതുദര്‍ശനം നടക്കും. പൊതുദര്‍ശനത്തോട് അനുബന്ധിച്ച് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഇന്നലെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വന്ദനയുടെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനടക്കം നിരവധി പ്രമുഖര്‍ ആശുപത്രിയിലെത്തി അന്തിമോപചാരമര്‍പ്പിച്ചു. വന്ദന പഠിച്ച കൊല്ലം അസീസിയ മെഡിക്കല്‍ കോളേജിലും പൊതുദര്‍ശനമുണ്ടായിരുന്നു. നിരവധി പേരാണ് വന്ദനയെ അവസാനമായി കാണാനെത്തിയത്.
ഏക മകളുടെ വിയോഗം താങ്ങാനാവാതെ നെഞ്ച് പിടയുന്ന അവസ്ഥയിലാണ് വന്ദനയുടെ മാതാപിതാക്കളും കുടുംബാംഗങ്ങളും. വന്ദനയുടെ മരണവാർത്തയറിഞ്ഞ് നൂറുകണക്കിനാളുകളാണ് മുട്ടുചിറ പട്ടാളമുക്കിലെ വീട്ടിലേക്കെത്തിയത്. ഷാപ്പ് കോണ്ട്രാക്റ്ററായ മുട്ടുച്ചിറ നന്പിച്ചിറക്കാലയിൽ ടി.ജി. മോഹൻദാസിന്റെയും – വസന്തകുമാരി (ബിന്ദു) യുടെയും ഏക മകളാണ് ഡോ വന്ദന ദാസ് (23). പഠനത്തിൽ മികവ് പുലർത്തിയിരുന്ന വന്ദന നസ്രത്തുഹിൽ ഡി പോൾ സ്കൂളിലായിരുന്ന പത്താം ക്ലാസ്സും പ്ലസ്ടു വും പൂർത്തിയാക്കിയത്.
തുടർന്ന് എംബിബിഎസ് പഠനത്തിനായി കൊല്ലം അസീസിയ മെഡിക്കൽ കോളജിൽ പ്രവേശനം തേടി. കഴിഞ്ഞവർഷം വന്ദനയുടെ എംബിബിഎസ് പഠനം പൂർത്തിയായിരുന്നു. പഠനം പൂർത്തിയായതിനെ തുടർന്ന് വന്ദന കൊട്ടാക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായി ജോലി ചെയ്തു വരികയായിരുന്നു.