കൊച്ചി: കേരളാ ബ്ലാസ്റ്റേഴ്സ് അണ്ടര്‍ സെവന്റീന്‍ സെലക്ഷന് ട്രയല്‍സ് നടക്കുന്ന കൊച്ചി പനമ്പിള്ളി നഗര്‍ സ്കൂളിന്റ ഗേറ്റ് തുറന്നുകൊടുത്തു. ഗേറ്റ് പൊളിക്കാന്‍ കായികമന്ത്രി മന്ത്രി വി.അബ്ദുറഹ്മാന് നിര്‍ദേശം നല്‍കിയതിന് പിന്നാലെയാണ് നടപടി.സ്പോര്‍ട്സ് കൗണ്‍സില്‍ എറണാകുളം ജില്ലാ പ്രസിഡന്റും കുന്നത്തുനാട് എംഎല്‍എയുമായ പി.വി.ശ്രീനിജന് ബ്ലാസ്റ്റേഴ്സ് സെലക്ഷന് ട്രയല്‍സ് തടഞ്ഞത് വിവാദമായതിന് പിന്നാലെയാണ് മന്ത്രി ഇടപെട്ടത്. ഇതോടെ മറ്റൊരു ഗേറ്റ് തുറന്ന് നല്കി.
പുലര്‍ച്ചെ മുതല്‍ ഗേറ്റിന് മുന്നില്‍ കാത്തുനിന്ന നൂറു കണക്കിന് കുട്ടികളെ പത്തോടെയാണ് അകത്ത് പ്രവേശിപ്പിച്ചത്. സ്പോര്‍ട്സ് കൗണ്‍സിലിന് സ്റ്റേഡിയത്തിന്റെ വാടക കിട്ടാത്തത് കൊണ്ടാണ് ഗേറ്റ് പൂട്ടിയതെന്നായിരുന്നുഎംഎല്എയുടെ വാദം. സ്റ്റേഡിയം ഉപയോഗിക്കുന്നതിന്റെ വാടകയായി എട്ട് ലക്ഷം രൂപയോളം കുടിശിക ഇനത്തില്‍ കിട്ടാനുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി കത്തയച്ചിട്ടും ബ്ലാസ്റ്റേഴ്സ് മറുപടി നല്‍കിയില്ല.ട്രയല്‍സ് നടക്കുന്ന കാര്യം അറിയിച്ചിട്ടില്ലെന്നും എംഎല്‍എ പ്രതികരിച്ചു.
അതേസമയം എംഎല്‍എയെ തള്ളി സ്പോര്‍ട്സ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റായ യു.ഷറഫലി രംഗത്തെത്തി. ബ്ലാസ്റ്റേഴ്സിന് കുടിശികയില്ലെന്നും കഴിഞ്ഞ മാസം വരെയുള്ള വാടകതുക കൃത്യമായി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.ട്രയല്‍സ് നടത്താന്‍ കൗണ്‍സിലിനോട് പ്രത്യേക അനുമതി തേടേണ്ട കാര്യമില്ല. ഗേറ്റ് പൂട്ടിയത് മോശമായ നടപടിയെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.