അഹമ്മദാബാദ്: ഐപിഎല്ലിൽ നിന്ന് ഉടൻ വിരമിക്കില്ലെന്ന് ചെന്നൈ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി. ഐപിഎൽ ഫൈനലിനു ശേഷമുള്ള സമ്മാനദാന ചടങ്ങിനിടെയാണ് ധോണി ഇക്കാര്യം വ്യക്തമാക്കിയത്. അടുത്ത ഐപിഎൽ സീസൺ കളിക്കാനാകും ഇനിയുള്ള ശ്രമമെന്ന് ഹർഷ ഭോഗ്ലയുടെ ചോദ്യത്തിന് മറുപടിയായി ധോണി പറഞ്ഞു.
എളുപ്പമല്ലെങ്കിലും ഇനി ഒരു ഐപിഎല്‍ കൂടി മത്സരിക്കാന്‍ താന്‍ ശ്രമിക്കുമെന്നും തീരുമാനം എടുക്കാന്‍ തനിക്ക് ഇനിയും ഏഴ് മാസമുണ്ടെന്നും ധോണി പറഞ്ഞു.ഇതാണ് വിരമിക്കല്‍ പ്രഖ്യാപനത്തിന് പറ്റിയ സമയമെന്ന് തനിക്ക് ബോധ്യമുണ്ടെന്ന് ധോണി പറയുന്നു. വിരമിക്കുകയാണ് എന്നുള്ള തീരുമാനം ഇപ്പോള്‍ വളരെ എളുപ്പത്തില്‍ എടുക്കാവുന്നതേയുള്ളൂ. എന്നാല്‍ അത് ചെയ്യാനല്ല താന്‍ ഇപ്പോള്‍ ആലോചിക്കുന്നത്. വരുന്ന 9 മാസം കഠിനാധ്വാനം ചെയ്ത് ഒരു ഐപിഎല്‍ കൂടി കളിക്കാന്‍ ശ്രമിക്കുക എന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. അതിനാണ് ഞാന്‍ ശ്രമിക്കുന്നത്. ഒരു തീരുമാനം എടുക്കാന്‍ ഇനിയും സമയമുണ്ടെന്നും ധോണി പറഞ്ഞു.
9 മാസം കഠിനാധ്വാനം ചെയ്യുക എന്നത് എന്റെ ശരീരത്തെ സംബന്ധിച്ച് തീരെ എളുപ്പമുള്ള കാര്യം ആയിരിക്കില്ലെന്നും തനിക്കറിയാമെന്ന് ധോണി പറയുന്നു. സിഎസ്കെയുടെ ആദ്യ കളിയില്‍ എല്ലാവരും എന്റെ പേര് വിളിക്കുന്നു. ഞാന്‍ വികാരഭരിതനാകുന്നു. എന്റെ കണ്ണൊക്കെ നിറയുന്നു. കുറച്ച് സമയം ഇതില്‍ നില്‍ക്കണം. ഞാന്‍ ഇതൊക്കെ ആസ്വദിക്കണം എന്ന് എനിക്ക് മനസിലായി. ഫൈനലിൽ ഗുജറാത്തിനെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ചാണ് ചെന്നൈ കിരീടം ഉയർത്തിയത്. സിഎസ്കെയുടെ അഞ്ചാം കിരീടം.