തിരുവനന്തപുരം: ബാലരാമപുരത്ത് വയോധികയുടെ കാല് തല്ലിയൊടിച്ചത് മരുമകൾ. ആറാലുംമൂട് പുന്നക്കണ്ടത്തിൽ വയലുനികത്തിയ വീട്ടിൽ വാസന്തി (63) യെ ആക്രമിച്ച സംഭവത്തിൽ മരുമകൾ സുകന്യ അറസ്റ്റിലായി. വാസന്തിയുടെ രണ്ടാമത്തെ മകൻ രതീഷ് കുമാറിന്റെ ഭാര്യയാണ് സുകന്യ.
രതീഷ് കുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സുകന്യയെ പിടികൂടിയത്. മദ്യപാനിയായ രതിഷ് കുമാര്‍ ഭാര്യയെ സ്ഥിരമായി തല്ലുമായിരുന്നു. ഇത് ചെയ്യിക്കുന്നത് അമ്മയാണെന്ന് ആരോപിച്ചാണ് വാസന്തിയെ സുകന്യ ആക്രമിച്ചത്. ചൊവ്വാഴ്ച രാവിലെ ആറോടെ ആറാലുംമൂട് റെയിൽവേ ക്രോസിനു സമീപമായിരുന്നു സംഭവം. പാൽ സൊസൈറ്റിയിലേക്ക് പാലുമായി പോകുമ്പോഴായിരുന്നു വാസന്തിയെ സുകന്യ കമ്പിവടിക്ക് അടിച്ചത്. പാൽപ്പാത്രവും നശിപ്പിച്ചു. മുഖംമൂടി ധരിച്ചെത്തിയായിരുന്നു ആക്രമണം. ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് കാൽമുട്ടിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി.
പതിവുപോലെ മകൻ രജികുമാർ റെയിൽവേ ക്രോസിനു സമീപം വരെ ഇവരെ ബൈക്കിൽ കൊണ്ടുപോയി വിട്ടിരുന്നു. ഇതു കഴിഞ്ഞ് കുറച്ചുസമയം കഴിഞ്ഞപ്പോഴാണ് സംഭവം അറിയുന്നത്. വർഷങ്ങളായി കൃഷിപ്പണി ചെയ്യുന്ന ഇവർത്തന്നെയാണ് വീട്ടിലെ അഞ്ച് പശുക്കളെ കറക്കുന്നതും സൊസൈറ്റിയിൽ പാൽ എത്തിക്കുന്നതും. ബാലരാമപുരം ഗ്രാമപഞ്ചായത്ത് കഴിഞ്ഞ കർഷകദിനത്തിൽ മികച്ച കർഷകയ്ക്കുള്ള അവാർഡ് നൽകി ഇവരെ ആദരിച്ചിരുന്നു.