യുഎൻഎ ഫണ്ട് തട്ടിപ്പ് : ജാസ്മിൻ ഷായടക്കം ആറുപേർക്കെതിരെ ക്രൈം ബ്രാഞ്ച് കുറ്റപത്രം

തിരുവന്തപുരം: സ്വകാര്യ ആശുപത്രി നഴ്സുമാരുടെ സംഘടനയായ യുനൈറ്റഡ് നഴ്സസ് അസോസിയേഷനുമായി (യുഎൻഎ) ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പു കേസിൽ ക്രൈം ബ്രാഞ്ച് കുറ്റപത്രം നൽകി. യുഎൻഎ ദേശീയ അധ്യക്ഷൻ ജാസ്മിൻ ഷാ ഉൾപ്പെടെ ആറ് പേർക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചത്. 

സംഘടനാ പ്രവർത്തനത്തിന് വേണ്ടി പിരിച്ചതിൽ നിന്നു 1.80 കോടി രൂപ തട്ടിപ്പ് നടത്തിയെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തൽ. നഴ്സുമാരിൽ നിന്നു മാസവരിയായും നിയമ പോരാട്ടത്തിനുമായാണ് പണം പിരിച്ചത്. ഈ പണം ഉപയോ​ഗിച്ച് സംഘടനാ ഭാരവാഹികൾ ഫ്ലാറ്റ് വാങ്ങാനും കാറ് വാങ്ങാനും പണം വകമാറ്റി ചെലവഴിച്ചെന്നും കണ്ടെത്തി. മൂന്ന് കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നായിരുന്നു ആരോപണം. ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ 1.80 കോടിയുടെ തട്ടിപ്പിന്റെ തെളിവാണ് ലഭിച്ചത്. 

ജാസ്മിൻ ഷാ ഭാര്യയുടെ പേരിലാണ് ഫ്ലാറ്റും കാറും വാങ്ങിയത്. ആശുപത്രി വാങ്ങാനെന്ന പേരിലും സംഘടനാ ഭാരവാ​ഹികൾ പണം തട്ടിയെന്ന് ക്രൈം ബ്രാഞ്ച് പറയുന്നു. ക്രമക്കേട് കണ്ടെത്താതിരിക്കാൻ ഓഫീസ് രേഖകളിൽ കൃത്രിമം നടത്തിയെന്നും കണ്ടെത്തി. അന്വേഷണത്തിന്റെ ഭാ​ഗമായി പ്രതികളുടെ വീടുകളിൽ റെയ്ഡ് നടത്തിയിരുന്നു. 

പല ഘട്ടങ്ങളിലും കേസ് അട്ടിമറിക്കാനുള്ള ശ്രമം പ്രതികൾ നടത്തി. ഇതേത്തുടർന്ന് കോടതി ഇടപെടുകയായിരുന്നു. അന്വേഷണ ഉദ്യോ​ഗസ്ഥരെയും പല ഘട്ടത്തിൽ മാറ്റി. ആരോപണം ഉയർന്നതിന് പിന്നാലെ പ്രതികൾ വിദേശത്തേക്ക് കടന്നിരുന്നു. പിന്നീട് നേപ്പാൾ വഴി തിരികെ നാട്ടിലെത്തി. അഞ്ച് വർഷത്തിന് ശേഷമാണ് കുറ്റപത്രം സമർപ്പിക്കുന്നത്. 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *