വാ​യ്പാ ക​ണ​ക്കു​ക​ള്‍ വി​ശ​ദീ​ക​രി​ക്ക​ണം , കേന്ദ്രത്തിന് സംസ്ഥാനത്തിന്റെ കത്ത്

തി​രു​വ​ന​ന്ത​പു​രം: വായ്പാപരിധി വെട്ടിക്കുറയ്ക്കലില്‍ വിശദീകരണം തേടി കേരളം കേന്ദ്രത്തിന് കത്തയച്ചു. വായ്പാ കണക്കുകള്‍ വിശദീകരിക്കണമെന്നാണ് ആവശ്യം. ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് കേന്ദ്രസര്‍ക്കാരിന് കത്തയച്ചത്.

നടപ്പു സാമ്പത്തിക വര്‍ഷം കേരളത്തിന് എടുക്കാവുന്ന വായ്പയുടെ പരിധിയാണ് കേന്ദ്രസര്‍ക്കാർ വെട്ടിച്ചുരുക്കിയത്. 32440 കോടി രൂപ വായ്പ പരിധി നിശ്ചയിച്ച് നൽകിയിരുന്നെങ്കിലും 15390 കോടി രൂപക്ക് മാത്രമാണ് അനുമതി നൽകിയത്.  കിഫ്ബിയുടേയും പൊതുമേഖല സ്ഥാപനങ്ങളുടെയും വായ്പയുടെ പേരിലാണ്  കേന്ദ്രത്തിന്റെ നടപടി.സംസ്ഥാന സര്‍ക്കാരിന്റെ വായ്പാ പരിധി നിശ്ചയിച്ചത് സംബന്ധിച്ച കണക്കുകളുടെ വിശാദാംശങ്ങള്‍ തേടാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചിരുന്നു.

മുന്‍വര്‍ഷങ്ങളില്‍ കേന്ദ്രം വായ്പാ പരിധി നിശ്ചയിച്ച് അറിയിക്കുമ്പോള്‍, അത് കണക്കുകൂട്ടുന്നതിന്റെ വിശദാംശങ്ങളും ലഭ്യമാക്കിയിരുന്നു.ഇത്തവണ കണക്കുകള്‍ വ്യക്തമാക്കാതെ വായ്പാ പരിധി വലിയതോതില്‍ വെട്ടിക്കുറച്ചുള്ള കത്തു മാത്രമാണ് ലഭിച്ചത്. കത്തിന്റെ ആദ്യഭാഗത്ത് സാമ്പത്തിക വര്‍ഷത്തേക്കുള്ള കടമെടുപ്പ് പരിധി എന്നുപറയുന്നു. മറ്റൊരു ഭാഗത്ത് ഒമ്പതു മാസത്തേക്ക് വായ്പ എടുക്കാമെന്നും രേഖപ്പെടുത്തിയിട്ടുണ്ട്.  

വ്യക്തമായ കണക്കുകളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനം വായ്പാനുമതി തേടിയത്. അത് കേന്ദ്രത്തിന് സമര്‍പ്പിച്ചിട്ടുമുണ്ട്. വായ്പാ പരിധി വെട്ടിക്കുറച്ചതിന്റെ കാരണമെന്തെന്ന് വ്യക്തമായാല്‍ മാത്രമേ സംസ്ഥാനത്തിന് തുടര്‍നടപടികള്‍ ആലോചിക്കാനാകൂ എന്ന് ഉന്നതതലയോഗം വിലയിരുത്തി. 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *