കോഴിക്കോട്: താമരശേരി കോളജിലെ വിദ്യാര്‍ഥിനിയെ ലഹരി നല്കി പീഡിപ്പിച്ചതായി പരാതി. കഴിഞ്ഞ ചൊവ്വാഴ്ച കാണാതായ പെണ്‍കുട്ടിയെ വ്യാഴാഴ്ച രാത്രിയോടെയാണ് കണ്ടെത്തിയത്. കേസിൽ ഒരാളെ കസ്റ്റഡിയിലെടുത്തു. പ്രതിയുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഉച്ചയോടെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തും.
സ്വകാര്യ കോളജിലെ ബിരുദ വിദ്യാര്‍ഥിനിയായ പതിനെട്ടുകാരിയാണ് പീഡനത്തിനിരയായത്. പ്രണയം നടിച്ച് വിവിധയിടങ്ങളില്‍ കൊണ്ടുപോയി ലഹരിനല്‍കി പീഡിപ്പിച്ചശേഷം ചുരത്തില്‍ ഉപേക്ഷിച്ചെന്ന് പെണ്‍കുട്ടി മജിസ്ട്രേറ്റിന് മൊഴി നല്കി. കോളജിന് സമീപത്തെ ഹോസ്റ്റലില്‍ താമസിക്കുന്ന പെണ്‍കുട്ടി വീട്ടിലേയ്ക്കെന്നു പറഞ്ഞ് ചൊവ്വാഴ്ചയാണ് ഇവിടെനിന്ന് ഇറങ്ങിയത്. തിരിച്ചെത്താത്തതിനെ തുടർന്ന് ഹോസ്റ്റൽ അധികൃതർ വീട്ടിലേക്ക് വിളിച്ചപ്പോഴാണ് അവിടെ എത്തിയിട്ടില്ലെന്ന് മനസിലായത്. തുടർന്ന് പിതാവ് പൊലീസിൽ പരാതി നൽകുകയായിരുന്നു. വ്യാഴാഴ്ച താമരശേരി ചുരത്തില്‍ നടന്ന പോലീസ് പട്രോളിംഗിലാണ് പെണ്‍കുട്ടിയെ കണ്ടത്.
ഇന്നലെ പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. പരിശോധനയിൽ പീഡനം നടന്നതായി സ്ഥിരീകരിച്ചു. പ്രദേശത്ത് എംഡിഎംഎ വിതരണം ചെയ്യുന്നവരിൽ ഒരാളാണ് പ്രതി .