തെറ്റ് ചൂണ്ടിക്കാട്ടിയതിന് നന്ദി, കോപ്പിയടിച്ചതല്ല ആശയം ഉൾക്കൊണ്ടു; വിശദീകരണവുമായി ചിന്ത ജെറോം

ഗവേഷണപ്രബന്ധത്തില്‍ വാഴക്കുല വൈലോപ്പിള്ളിയുടേതെന്ന് പരാമര്‍ശിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി യുവജന കമ്മിഷന്‍ അധ്യക്ഷ ചിന്താ ജെറോം. ഇക്കാര്യത്തില്‍ തനിക്ക് നോട്ടപ്പിശക് ഉണ്ടായിട്ടുണ്ടെന്നും മാനുഷികമായ തെറ്റ് പറ്റിയെന്നും ചിന്ത പറഞ്ഞു. തെറ്റ് ചൂണ്ടിക്കാണിച്ചത് സദുദ്ദേശത്തോടെയാണെന്നാണ് വിലയിരുത്തലെന്ന് പറഞ്ഞ ചിന്ത വിമര്‍ശകര്‍ക്ക് ഹൃദയം നിറഞ്ഞ നന്ദിയുണ്ടെന്നും പത്രസമ്മേളനത്തില്‍ പറഞ്ഞു.

‘വാഴക്കുലയുമായി ബന്ധപ്പെട്ട പരാമര്‍ശം പ്രബന്ധത്തിലെ വാദങ്ങളുമായോ കണ്ടെത്തലുമായോ ബന്ധമുള്ളതല്ല. സാന്ദര്‍ഭികമായ ഉദാഹരണമായാണ് അത് ഉപയോഗിച്ചത്. നോട്ടപ്പിശക് ഉണ്ടായിട്ടുണ്ട്. മാനുഷികമായ തെറ്റ് പറ്റി. ചൂണ്ടിക്കാണിച്ചവര്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി. പുസ്തകരൂപത്തിലേക്ക് മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. ഈ ഘട്ടത്തില്‍ അത് ശ്രദ്ധിക്കും. പര്‍വതീകരിച്ചുകൊണ്ട് ആക്ഷേപങ്ങളും അധിക്ഷേപങ്ങളും വ്യക്തിഹത്യയും സ്ത്രീവിരുദ്ധമായ പരാമര്‍ശങ്ങളും കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായിട്ടുണ്ട്. തെറ്റ് ചൂണ്ടിക്കാണിച്ചത് സദുദ്ദേശത്തോടെയാണെന്നാണ് വിലയിരുത്തുന്നത്. വിമര്‍ശകര്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി.’- ചിന്ത പറഞ്ഞു.

പ്രബന്ധത്തില്‍ കോപ്പിയടിയുണ്ടെന്ന ആരോപണത്തോടും അവര്‍ പ്രതികരിച്ചു. മോഷണം ഉണ്ടായിട്ടില്ലെന്നും ആശയം ഉള്‍ക്കൊണ്ടിട്ടുണ്ടെന്നും അവര്‍ അറിയിച്ചു. ഇത് റഫറന്‍സില്‍ കൃത്യമായി സൂചിപ്പിച്ചിട്ടുണ്ട്. ബോധി കോമണ്‍സില്‍ നിന്ന്‌ ഉള്‍പ്പെടെ നിരവധി ആര്‍ട്ടിക്കിളുകള്‍ വായിച്ചാണ് പ്രബന്ധം പൂര്‍ത്തീകരിച്ചത്. ഒരു വാക്യം പോലും പകര്‍ത്തിയിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *