മദ്യപാനം കുറയ്ക്കാന്‍ മനുഷ്യരില്‍ ചിപ്പ് ഘടിപ്പിച്ച ചികിത്സ ആരംഭിച്ച് ചൈന. അഞ്ച് മിനിറ്റ് മാത്രം നീളുന്ന ശസ്ത്രക്രിയയിലൂടെ 36 കാരനായ സ്ഥിരം മദ്യപാനിയില്‍ ചിപ്പ് ഘടിപ്പിച്ചാണ് ചികിത്സയ്ക്ക് തുടക്കമിട്ടത്. ഏപ്രില്‍ 12ന് മധ്യ ചൈനയിലെ ഹുനാന്‍ ബ്രെയിന്‍ ഹോസ്പിറ്റലില്‍ വച്ചായിരുന്നു ശസ്ത്രക്രിയ. ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്ന് സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
അഞ്ചുമാസം വരെ വ്യക്തികളിലെ മദ്യാസക്തി നിയന്ത്രിക്കാന്‍ ഈ ചിപ്പിന് സാധിക്കുമെന്ന് പരീക്ഷണത്തിന് നേതൃത്വം നല്‍കിയ ഹാവോ വെയ് പറഞ്ഞു. മുന്‍ യുഎന്‍ ഇന്റര്‍നാഷണല്‍ നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബോര്‍ഡ് വൈസ് പ്രസിഡന്റാണ് ഹാവോ വെയ്. ഒരിക്കല്‍ ശരീരത്തില്‍ ഘടിപ്പിച്ചു കഴിഞ്ഞാല്‍ മദ്യാസക്തി കുറയ്ക്കുന്ന നാല്‍ട്രക്‌സോണ്‍ ഈ ചിപ്പ് പുറത്തുവിടും. മദ്യാസക്തി അമിതമായവരില്‍ ചികിത്സിക്കുന്നതിനു നാല്‍ട്രക്‌സോണ്‍ ഉപയോഗിക്കാറുണ്ട്. കഴിഞ്ഞ 15 വര്‍ഷമായി സ്ഥിരം മദ്യപാനിയായിരുന്നു ശസ്ത്രക്രിയക്ക് വിധേയനായ 36കാരന്‍. ചിപ്പ് ഘടിപ്പിച്ചതോടെ സാധാരണ ജീവിതം നയിക്കാനാവുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചുവെന്ന് സിയോസിയാങ് ഹെറാള്‍ഡ് റിപ്പോര്‍ട്ടു ചെയ്തു.