അഹമ്മദാബാദ്: അവസാന പന്തുവരെ ആവേശം മുട്ടിനിന്ന മത്സരത്തിൽ മനഃസാന്നിധ്യം വിടാതെ പൊരുതിയ മഹേന്ദ്ര സിങ്ങും സംഘത്തിനും 2023 ഐപിഎല്‍ കിരീടം . തുടര്‍ച്ചയായ രണ്ടാം കിരീടം ലക്ഷ്യമിട്ട് കലാശപ്പോരിനിറങ്ങിയ ഗുജറാത്ത് ടൈറ്റന്‍സിനെ അവസാന പന്തില്‍ തകർത്താണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് അഞ്ചാം ഐപിഎല്‍ കിരീടം സ്വന്തമാക്കിയത് അഞ്ചുവിക്കറ്റിനാണ് ചെന്നൈയുടെ വിജയം. റിസർവ് ദിനത്തിലും മഴ വില്ലനായി അവതരിച്ചെങ്കിലും മഞ്ഞപ്പടയുടെ കണക്കുകൂട്ടലുകൾക്ക് മുന്നില്‍ ഗുജറാത്തിന് പിടിച്ചുനില്‍ക്കാനായില്ല. മഴമൂലം 15 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ഗുജറാത്തിനെതിരായ 171 റണ്‍സ് വിജയലക്ഷ്യം അവസാന പന്തിലാണ് ചെന്നൈ മറികടന്നത്.
അവസാന രണ്ട് പന്തുകളില്‍ ജയിക്കാന്‍ 10 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. മോഹിത് ശര്‍മയുടെ പന്തുകളില്‍ സിക്‌സും ഫോറുമടിച്ചുകൊണ്ട് രവീന്ദ്ര ജഡേജ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ വിജയനായകനായി. ഈ കിരീടനേട്ടത്തോടെ ഏറ്റവുമധികം ഐപിഎല്‍ കിരീടം നേടുന്ന ടീം എന്ന മുംബൈ ഇന്ത്യന്‍സിന്റെ റെക്കോഡിനൊപ്പം ധോണിയും സംഘവുമെത്തി.215 റണ്‍സ് ലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈയ്ക്ക് വേണ്ടി ഋതുരാജ് ഗെയ്ക്‌വാദും ഡെവോണ്‍ കോണ്‍വെയുമാണ് ഓപ്പണ്‍ ചെയ്തത്. ഇന്നിങ്‌സിലെ ആദ്യ മൂന്ന് പന്ത് പൂര്‍ത്തിയായപ്പോഴേക്കും മഴ എത്തി. ഇതോടെ മത്സരം രണ്ട് മണിക്കൂറോളം വൈകി. പിന്നീട് ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം മത്സരം 15 ഓവറാക്കി വെട്ടിച്ചുരുക്കി. ചെന്നൈയുടെ വിജയലക്ഷ്യം 171 റണ്‍സായി മാറി.
15 ഓവറായി ചുരുക്കിയതോടെ ചെന്നൈ ഓപ്പണര്‍മാര്‍ ആക്രമിച്ചു കളിച്ചു. ഇരുവരും ചേര്‍ന്ന് വെറും 3.5 ഓവറില്‍ സ്‌കോര്‍ 50 കടത്തി. എന്നാല്‍ ഏഴാം ഓവറില്‍ ഋതുരാജ് പുറത്തായി. 16 പന്തില്‍ 26 റണ്‍സെടുത്ത താരത്തെ നൂര്‍ അഹമ്മദ് പുറത്താക്കി. ആദ്യ വിക്കറ്റില്‍ കോണ്‍വെയ്‌ക്കൊപ്പം 74 റണ്‍സ് കൂട്ടിച്ചേര്‍ത്തശേഷമാണ് ഋതുരാജ് ക്രീസ് വിട്ടത്.അതേ ഓവറില്‍ തന്നെ കോണ്‍വെയെയും നൂർ അഹമ്മദ് മടക്കി. 25 പന്തുകളില്‍ നിന്ന് 47 റണ്‍സെടുത്ത കോണ്‍വെയുടെ ഷോട്ട് മോഹിത് ശര്‍മ കൈയ്യിലൊതുക്കി. ഇതോടെ ചെന്നൈ വിക്കറ്റ് നഷ്ടമില്ലാതെ 74 റണ്‍സ് എന്ന സ്‌കോറില്‍ നിന്ന് 78 ന് രണ്ട് വിക്കറ്റ് എന്ന നിലയിലേക്ക് വീണു.രണ്ട് വിക്കറ്റ് വീണതോടെ ശിവം ദുബെയും അജിങ്ക്യ രഹാനെയും ക്രീസിൽ ഒന്നിച്ചു. വന്നയുടന്‍ രണ്ട് സിക്‌സടിച്ചുകൊണ്ട് രഹാനെ ചെന്നൈയ്ക്ക് പ്രതീക്ഷ സമ്മാനിച്ചു. ഒന്‍പതാം ഓവർ എറിഞ്ഞ നൂര്‍ അഹമ്മദ് റണ്‍സ് നല്‍കുന്നതില്‍ പിശുക്കുകാണിച്ചതോടെ ചെന്നൈ ക്യാമ്പില്‍ വീണ്ടും ആശങ്ക പരന്നു.
പത്താം ഓവറിലെ ആദ്യ പന്തില്‍ ടീം സ്‌കോര്‍ 100 കടന്നു. ആദ്യ പത്തോവറില്‍ ചെന്നൈ 112 റണ്‍സാണ് അടിച്ചെടുത്തത്. ഇതോടെ അവസാന അഞ്ചോവറില്‍ വിജയലക്ഷ്യം 59 റണ്‍സായി മാറി.11ാം ഓവറില്‍ മോഹിത് ശര്‍മ രഹാനെയെ പുറത്താക്കി. 13 പന്തില്‍ 27 റണ്‍സെടുത്ത രഹാനെയെ മികച്ച ക്യാച്ചിലൂടെ വിജയ് ശങ്കര്‍ പുറത്താക്കി. ആ ഓവറില്‍ വെറും ആറ് റണ്‍സ് മാത്രമാണ് പിറന്നത്. ഇതോടെ ചെന്നൈയുടെ വിജയലക്ഷ്യം നാലോവറില്‍ 53 റണ്‍സായി ഉയര്‍ന്നു.രഹാനെയ്ക്ക് പകരം അമ്പാട്ടി റായുഡുവാണ് ക്രീസിലെത്തിയത്. റാഷിദ് ഖാന്‍ ചെയ്ത 12ാം ഓവറില്‍ തുടര്‍ച്ചയായി രണ്ട് സിക്‌സടിച്ച് ദുബെ ചെന്നൈയ്ക്ക് ആശ്വാസമേകി. ഇതോടെ വിജയലക്ഷ്യം മൂന്നോവറില്‍ 38 റണ്‍സായി മാറി.മോഹിത് ശര്‍മ എറിഞ്ഞ 13ാം ഓവറിലെ ആദ്യ പന്തില്‍ സിക്‌സടിച്ച റായുഡു രണ്ടാം പന്തില്‍ ബൗണ്ടറിയും മൂന്നാം പന്തില്‍ വീണ്ടും സിക്‌സുമടിച്ചു. നാലാം പന്തില്‍ റായുഡുവിനെ മോഹിത് പുറത്താക്കി. എട്ട് പന്തില്‍ 19 റണ്‍സെടുത്ത് റായിഡു ക്രീസ് വിട്ടു.
പിന്നാലെ നായകന്‍ ധോണി ക്രീസിലെത്തി. എന്നാല്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ ഡേവിഡ് മില്ലര്‍ക്ക് ക്യാച്ച് നല്‍കി ധോണി മടങ്ങി. പിന്നാലെ ജഡേജ ക്രീസിലെത്തി. 13 ഓവറില്‍ ചെന്നൈ 150 റണ്‍സ് കടന്നു. അവസാന രണ്ടോവറില്‍ ചെന്നൈയുടെ വിജയലക്ഷ്യം 21 റണ്‍സായി. ഷമി ചെയ്ത 14-ാം ഓവറില്‍ എട്ട് റണ്‍സ് മാത്രമാണ് പിറന്നത്. ഇതോടെ മത്സരം അവസാന ഓവറിലേക്ക് നീങ്ങി.അവസാന ഓവറില്‍ 13 റണ്‍സായി ചെന്നൈയുടെ വിജയലക്ഷ്യം. മോഹിത് ശര്‍മയെയാണ് അവസാന ഓവര്‍ ചെയ്യാന്‍ ക്യാപ്റ്റന്‍ ഹാര്‍ദിക് പന്തേല്‍പ്പിച്ചത്. താരത്തിന്റെ ആദ്യ പന്തില്‍ ദുബെയ്ക്ക് റണ്‍സെടുക്കാനായില്ല. രണ്ടാം പന്തില്‍ ഒരു റണ്‍ മാത്രമാണ് പിറന്നത്. മൂന്നാം പന്തിലും മോഹിത് ഒരു റണ്‍ മാത്രമാണ് വഴങ്ങിയത്. ഇതോടെ മൂന്ന് പന്തില്‍ 11 റണ്‍സായി വിജയലക്ഷ്യം. നാലാം പന്തിലും മോഹിത് ഒരു റണ്‍ മാത്രമാണ് വഴങ്ങിയത്. ഇതോടെ രണ്ട് പന്തില്‍ 10 റണ്‍സായി വിജയലക്ഷ്യം. അഞ്ചാം പന്തില്‍ പടുകൂറ്റന്‍ സിക്‌സടിച്ച് ജഡേജ മത്സരം അവസാന പന്തിലേക്ക് നീട്ടി. ഇതോടെ ഒരു പന്തില്‍ നാല് റണ്‍സായി വിജയലക്ഷ്യം. അവസാന പന്തില്‍ ബൗണ്ടറി നേടിക്കൊണ്ട് ജഡേജ ചെന്നൈയ്ക്ക് കിരീടം നേടിക്കൊടുത്തു. ജഡേജ ആറുപന്തില്‍ 15 റണ്‍സെടുത്തും ദുബെ 21 പന്തില്‍ 32 റണ്‍സെടുത്തും പുറത്താവാതെ നിന്നു. ഗുജറാത്തിനായി മോഹിത് ശര്‍മ മൂന്ന് വിക്കറ്റെടുത്തപ്പോള്‍ നൂര്‍ അഹമ്മദ് രണ്ട് വിക്കറ്റ് സ്വന്തമാക്കി.
ആദ്യം ബാറ്റുചെയ്ത ഗുജറാത്ത് നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സെടുത്തു. ഐപിഎല്‍ ഫൈനലിലെ ഒരു ടീമിന്റെ ഏറ്റവുമുയര്‍ന്ന സ്‌കോറാണിത്. 96 റണ്‍സെടുത്ത് വെടിക്കെട്ട് പ്രകടനം പുറത്തെടുത്ത സായ് സുദര്‍ശനാണ് ഗുജറാത്തിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്.തകര്‍പ്പന്‍ തുടക്കമാണ് ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്ലും വൃദ്ധിമാന്‍ സാഹയും ചേര്‍ന്ന് നല്‍കിയത്. തുടക്കത്തില്‍ പതിയെ തുടങ്ങിയ ഇരുവരും പിന്നീട് ആക്രമിച്ച് കളിച്ചു. ഇരുവരെയും ക്യാച്ചെടുത്ത് പുറത്താക്കാനുള്ള അവസരം ദീപക് ചാഹര്‍ പാഴാക്കി. ഗില്ലും സാഹയും ഒരുപോലെ അടിച്ചുതകര്‍ത്തപ്പോള്‍ ചെന്നൈ ക്യാമ്പില്‍ ആശങ്ക പരന്നു. ആദ്യ വിക്കറ്റില്‍ 77 റണ്‍സാണ് ഗില്ലും സാഹയും ചേര്‍ന്ന് അടിച്ചെടുത്തത്.ജഡേജയെ ഇറക്കി ധോണി ഈ കൂട്ടുകെട്ട് പൊളിച്ചു. ജഡേജയുടെ പന്തില്‍ ഷോട്ട് കളിക്കാന്‍ ശ്രമിച്ച ഗില്ലിനെ ധോണി മിന്നൽ വേഗത്തിൽ സ്റ്റംപ് ചെയ്ത് പുറത്താക്കി. 20 പന്തില്‍ നിന്ന് 39 റണ്‍സെടുത്താണ് ഗില്‍ ക്രീസ് വിട്ടത്. ഗില്ലിന് പകരം സായ് സുദര്‍ശന്‍ ക്രീസിലെത്തി.
54 റൺസെടുത്ത് സാഹ മടങ്ങിയതോടെ സായ് സുദര്‍ശന്‍ ടീമിനെ മുന്നില്‍ നിന്ന് നയിച്ചു. അടിച്ചുതകര്‍ത്ത 21കാരനായ സുദര്‍ശന്‍ വെറും 32 പന്തുകളില്‍ നിന്ന് അര്‍ധസെഞ്ചുറി നേടി. സീസണിലെ മൂന്നാം അര്‍ധസെഞ്ചുറിയാണിത്. തുഷാര്‍ ദേശ്പാണ്ഡെ ചെയ്ത 17ാം ഓവറില്‍ തുടര്‍ച്ചയായി ഒരു സിക്‌സും മൂന്ന് ഫോറുമടിച്ച് സുദര്‍ശന്‍ ടോപ് ഗിയറിലായി. പിന്നാലെ ഹാര്‍ദിക്കും ഫോമിലേക്ക് ഉയര്‍ന്നതോടെ മത്സരം ഗുജറാത്തിന്റെ കൈയ്യിലായി. 19 ഓവറില്‍ ടീം സ്‌കോര്‍ 200 കടന്നു.അവസാന ഓവറില്‍ പതിരണയെ തുടര്‍ച്ചയായി രണ്ട് സിക്‌സടിച്ച് സായ് സുദര്‍ശന്‍ വ്യക്തിഗത സ്‌കോര്‍ 96-ല്‍ എത്തിച്ചെങ്കിലും മൂന്നാം പന്തില്‍ താരം വിക്കറ്റിന് മുന്നില്‍ കുടുങ്ങി പുറത്തായി. 47 പന്തില്‍ നിന്ന് എട്ട് ഫോറിന്റെയും ആറ് സിക്‌സിന്റെയും സഹായത്തോടെ 96 റണ്‍സെടുത്ത സുദര്‍ശന്‍ ടീമിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചശേഷമാണ് ക്രീസില്‍ നിന്ന് മടങ്ങിയത്. ചെന്നൈയ്ക്ക് വേണ്ടി മതീഷ് പതിരണ രണ്ട് വിക്കറ്റെടുത്തപ്പോള്‍ ദീപക് ചാഹറും ജഡേജയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.