ന്യൂഡല്‍ഹി: നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി) മുംബൈ സോണ്‍ മുന്‍ മേധാവി സമീര്‍ വാംഖഡെക്കെതിരെ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സിബിഐ) അഴിമതിക്കേസ് രജിസ്റ്റര്‍ ചെയ്തു. 2021-ല്‍ ഏറെ വിവാദമായ ആഡംബര കപ്പലിലെ ലഹരി മരുന്ന് കേസ് അന്വേഷിച്ചിരുന്ന ഉദ്യോഗസ്ഥനാണ് വാംഖഡെ. കേസില്‍ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെ ഉള്‍പ്പെടെ അറസ്റ്റുചെയ്തതും വാംഖഡെയായിരുന്നു.
വാഖഡെയുടെ വസതിയിലും ഓഫീസിലും സിബിഐ പരിശോധന നടത്തി. അഴിമതിക്കേസന്വേഷണത്തിന്റെ ഭാഗമായി മറ്റ് രണ്ട് സര്‍ക്കാരുദ്യോഗസ്ഥരുടേയും രണ്ട് സ്വകാര്യവ്യക്തികളുടേയും വീടുകളിലും ആസ്ഥാനങ്ങളിലും സിബിഐ പരിശോധന നടത്തിയതായാണ് റിപ്പോര്‍ട്ട്. ഡല്‍ഹി, മുംബൈ, കാന്‍പുര്‍, റാഞ്ചി എന്നീ നഗരങ്ങളിലായി 28 ഇടങ്ങളില്‍ സിബിഐ റെയ്ഡ് നടന്നു. എന്‍സിബിയുടെ ആവശ്യപ്രകാരമാണ് വംഖഡെ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ സിബിഐ അന്വേഷണം നടത്തുന്നത്.
പ്രത്യേക അന്വേഷണസംഘം ആഡംബര കപ്പലിലെ ലഹരിമരുന്ന് കേസന്വേഷണത്തില്‍ തിരിമറി നടത്തിയതിനെ തുടര്‍ന്ന് എന്‍സിബി വാംഖഡെയെ സ്ഥാനത്തുനിന്ന് നീക്കിയിരുന്നു. കേസില്‍ ആര്യന്‍ ഖാന്‍ കുറ്റവിമുക്തനാക്കപ്പെടുകയും ചെയ്തിരുന്നു. നിലവില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് ടാക്‌സ്‌പേയേഴ്‌സിന്റെ (ഡിജിടിഎസ്) ചെന്നൈ ആസ്ഥാനത്താണ് വാംഖഡെ പ്രവര്‍ത്തിക്കുന്നത്.