ആര്യൻ ഖാനെതിരായ വ്യാജ ലഹരി കേസ്,സമീർ വാങ്കഡെ ശ്രമിച്ചത് 25  കോടിയുടെ കൈക്കൂലിക്കായി :  സിബിഐ എഫ്ഐആർ പുറത്ത്

ന്യൂഡൽഹി : ഷാരൂഖ് ഖാന്‍റെ മകന്‍  ആര്യൻ ഖാൻ പ്രതിയായ വ്യാജ ലഹരി മരുന്നു കേസിൽ സമീർ വാങ്കഡെക്ക് എതിരായി സിബിഐ രജിസ്റ്റർ ചെയ്ത എഫ്ഐആറിലെ വിവരങ്ങൾ പുറത്ത്. വ്യാജ കേസ് ഉണ്ടാക്കി ഷാരൂഖിനെ ഭീഷണിപ്പെടുത്തി 25 കോടി കൈക്കലാക്കാനായിരുന്നു പദ്ധതിയെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്. 25 കോടി എന്നത് 18 കോടിയാക്കി കുറച്ചു. 50 ലക്ഷം അഡ്വാൻസ് വാങ്ങി. കിരൺ ഗോസാവി എന്നയാളുമായി ചേർന്നാണ് ഗൂഢാലോചന നടത്തിയതെന്നും എഫ് ഐ ആറിൽ പയുന്നു.

വിദേശയാത്രകളെക്കുറിച്ച് കൃത്യമായ ഉത്തരം നൽകാൻ സമീറിന് കഴിഞ്ഞില്ല. വെള്ളിയാഴ്ച സമീറിന്റെ വീടും ഓഫീസും സിബിഐ റെയ്ഡ് ചെയ്തിരുന്നു. മഹാരാഷ്ട്ര എൻസിബി മുൻ സോണൽ ഡയറക്ടറാണ് സമീർ വാങ്കഡെ.

സമീര്‍ വാങ്കഡേ അടക്കം മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. 2021 ഒക്ടോബറിലായിരുന്നു മുംബൈയിലെ ആഡംബര കപ്പലായ കോ‍ർഡേലിയ ഇംപ്രസയില്‍ സമീര്‍ വാങ്കഡേ നേതൃത്വം നല്‍കുന്ന സംഘം റെയ്ഡ് നടത്തിയതും ആര്യന്‍ ഖാന്‍ അടക്കമുള്ളവര്‍ അറസ്റ്റിലായതും. കേസിന്‍റെ ആരംഭത്തില്‍ മയക്കുമരുന്ന് കൈവശം വച്ചതും ഉപയോഗിച്ചതും കടത്തിയതും അടക്കമുള്ള ആരോപണങ്ങളായിരുന്നു ആര്യന്‍ ഖാനെതിരെ ചുമത്തിയിരുന്നത്. ഈ കേസില്‍ 22 ദിവസം ജയിലില്‍ കഴിഞ്ഞിരുന്ന ആര്യന്‍ ഖാന് എന്‍സിബി 2022 മെയ് മാസത്തില്‍ തെളിവുകളുടെ അഭാവത്തില്‍ ക്ലീന്‍ ചിറ്റ് നല്‍കി വെറുതെ വിടുകയായിരുന്നു.

ആര്യൻ ഖാന്റെ മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ട് സമീ‍ർ വാങ്കഡെ 25 കോടി കൈക്കൂലി വാങ്ങിയെന്ന ആരോപണം തെറ്റെന്ന് പങ്കാളി ക്രാന്തി റെഡ്കർ വാങ്കഡെ. മുൻ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ഉദ്യോഗസ്ഥനായ സമീ‍ർ വാങ്കഡെയ്ക്കെതിരെ ഉന്നയിക്കുന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും നിയമ സംവിധാത്തിൽ പൂർണമായും തങ്ങൾക്ക് വിശ്വാസമുണ്ടെന്നും ക്രാന്തി മാധ്യമങ്ങളോട് വ്യക്തമാക്കി.

‘അദ്ദേഹത്തിനെതിരെ ഉന്നയിക്കുന്ന ആരോപണങ്ങൾ തെറ്റാണെന്ന് എല്ലാവർക്കും അറിയാം. സിബിഐ നടപടികളിൽ ഞങ്ങൾ പൂർണമായി സഹകരിക്കുന്നുണ്ട്. നമ്മുടെ നിയമ സംവിധാനത്തിൽ ഞങ്ങൾക്ക് വിശ്വാസമുണ്ട്. ഉത്തരവാദിത്വമുള്ള ഒരു പൗരൻ എന്ന നിലയിൽ അന്വേഷണ ഏജൻസിയുമായി സഹകരിക്കാൻ ഞങ്ങൾ തയ്യാറാണ്,’ ക്രാന്തി വാങ്കഡെ വിശദമാക്കി.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *