കൊൽക്കത്ത : രണ്ടായിരം രൂപ നോട്ടുകൾ പിൻവലിക്കാനുള്ള നീക്കത്തിൻ്റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാരിനെ നിശിതമായി വിമർശിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. നോട്ടുകൾ വിനിമയത്തിൽ നിന്നും പിൻവലിക്കാനുള്ള തീരുമാനത്തെ ‘ബില്യൺ ഡോളർ ചതി’ എന്നാണ് മമത വിശേഷിപ്പിച്ചത്.
2016ലെ നോട്ടു നിരോധനത്തെത്തുടർന്ന് ജനങ്ങൾ നേരിടേണ്ടിവന്ന കഷ്ടതകൾ മറക്കാനാകില്ല. ‘അപ്പോൾ, അത് രണ്ടായിരത്തിൻ്റെ ധമാക്കയായിരുന്നില്ല എന്നർത്ഥം. ഒരു ബില്യൺ ഇന്ത്യക്കാരോടുള്ള ബില്യൺ ഡോളർ ചതിയായിരുന്നു അത്. എൻ്റെ പ്രിയപ്പെട്ട സഹോദരീസഹോദരന്മാരേ, ഇനിയെങ്കിലും ഉണരൂ. നോട്ടുനിരോധനം കാരണം നമ്മളനുഭവിച്ച കഷ്ടപ്പാടുകൾ അത്ര എളുപ്പത്തിൽ മറന്നു കളയാനാവില്ല. ആ കഷ്ടപ്പാടുകൾക്ക് കാരണക്കാരായവർക്ക് മാപ്പും നൽകരുത്.’ റിസർവ് ബാങ്കിൻ്റെ പ്രഖ്യാപനം പുറത്തുവന്നതിനു തൊട്ടുപിന്നാലെയായിരുന്നു മമതയുടെ പ്രതികരണം. ട്വീറ്ററിലൂടെയായിരുന്നു മമത ബാനർജി വിഷയത്തിൽ തൻ്റെ പ്രതികരണം അറിയിച്ചത്.