കമ്പം: അരിക്കൊമ്പനെ പിടിക്കാന്‍ പ്രത്യേക ആനപിടിത്ത സംഘമെത്തും. പ്രത്യേക പരിശീലനം നേടിയ അഞ്ചംഗ ആദിവാസി സംഘത്തെയാണ് ദൗത്യത്തിനായി തമിഴ്നാട് വനംവകുപ്പ് നിയോഗിച്ചത്.ആനമല ടൈഗര്‍ റിസര്‍വിലെ ജീവനക്കാരായ മീന്‍ കാളന്, ബൊമ്മന്, സുരേഷ്, ശിവ, ശ്രീകാന്ത് എന്നിവരാണ് സംഘത്തിലുള്ളത്. വെറ്റിനറി സര്ജന് ഡോ. രാജേഷും ഇവര്‍ക്കൊപ്പം ഉണ്ടാകും. ഇന്ന് വൈകിട്ടോടെ ഇവര്‍ തേനിയിലെത്തും.
ഇവര്‍ വനത്തിനുള്ളില്‍ പോയി ആനയുടെ നീക്കങ്ങള്‍ നിരീക്ഷിക്കും. വനമേഖലയില്‍ നിന്ന് ആനയെ പുറത്തെത്തിക്കാനും ഇവര്‍ ശ്രമിക്കുമെന്നാണ് വിവരം.കഴിഞ്ഞ മൂന്ന് ദിവസമായി കൊമ്പനെ പിടിക്കാനുള്ള ശ്രമം തമിഴ്നാട് വനംവകുപ്പ് തുടരുകയാണ്. ജനവാസമേഖലയ്ക്ക് സമീപമുള്ള സ്ഥലത്ത് ആനയെത്തിയാല്‍ മാത്രമേ മയക്കുവെടി വയ്ക്കൂ എന്ന് അധികൃതര്‍ അറിയിച്ചു. നിലവില്‍ ഷണ്മുഖ നദി അണക്കെട്ടിന് സമീപമുള്ള വനമേഖലയിലാണ് കൊമ്പന് ഉള്ളത്. ഷണ്മുഖ ക്ഷേത്രത്തിന് രണ്ട് കിലോമീറ്റര്‍ അകലെയാണ് ആന നിലയുറപ്പിച്ചിരിക്കുന്നതെന്നാണ് നിഗമനം.