ഇടുക്കി : തമിഴ്‌നാട് കമ്പത്തെ ജനവാസ മേഖലയിൽ നിലയുറപ്പിച്ച അരിക്കൊമ്പനെ ഇന്ന് മയക്കുവെടി വയ്ക്കില്ലെന്ന് സൂചന. അരിക്കൊമ്പനെ മയക്കുവെടി വച്ച് പിടികൂടാൻ തമിഴ്‌നാട് സർക്കാർ ഉത്തരവിട്ടിരുന്നു. നാളെ അതിരാവിലെയായിരിക്കും ദൗത്യം. കമ്പം മേഖലയിൽ അതീവജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു.
ആകാശത്തേക്ക് വെടിവച്ചതിനെ തുടർന്ന് വിരണ്ടോടിയ ആന കമ്പത്തെ തെങ്ങിൻതോപ്പിന് സമീപം നിലയുറപ്പിച്ചിരിക്കുകയാണ്. ദൗത്യം തുടരുംവരെ സുരക്ഷിതമായ സ്ഥലത്ത് അരിക്കൊമ്പനെ നിറുത്താനുള്ള ശ്രമമാണ് തമിഴ്‌നാട് വനംവകുപ്പും പൊലീസും ചേർന്ന് നടത്തുന്നത്. അരിക്കൊമ്പനെ പിടികൂടുന്നതിനായി ആനമലയിൽ നിന്ന് മൂന്ന് കുങ്കിയാനകളെ എത്തിക്കും. . മയക്കുവെടി വച്ചതിനുശേഷം അരിക്കൊമ്പനെ മേഘമല വെള്ള മലയിലെ വരശ്‌നാട് താഴ്‌വരയിലേക്കാണ് മാറ്റുന്നത്. മേഘമല സി സി എഫിനാണ് ദൗത്യത്തിന്റെ ചുമതല. ഡോ.കലൈവാണൻ, ഡോ.പ്രകാശ് എന്നിവരാണ് ദൗത്യത്തിന് നേതൃത്വം നൽകുന്നത്.
അതേസമയം, അരിക്കൊമ്പൻ വിഷയത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഇടപെട്ടു. ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ അരിക്കൊമ്പനെ പിടികൂടണമെന്ന് അദ്ദേഹം നിർദേശിച്ചു. ഇതിനായി എല്ലാ വകുപ്പുകളും സഹകരിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.അരിക്കൊമ്പനെതിരെ നടപടിയെടുക്കുന്നതിൽ പ്രതിഷേധിച്ച് ആനപ്രേമികളും രംഗത്തെത്തി . ഹൈക്കോടതി ഉത്തരവ് നിലനിൽക്കേ അരിക്കൊമ്പനെ പിടികൂടാൻ ശ്രമിക്കുന്നത് നിയമവിരുദ്ധമാണെന്നും ഇതിനെതിരെ സുപ്രീം കോടതിയെ സമീക്കുമെന്നും ഇവർ പറയുന്നു.
ഇന്ന് രാവിലെയാണ് അരിക്കൊമ്പൻ കമ്പത്ത് ജനവാസ മേഖലയിൽ എത്തിയത്. ഓട്ടോറിക്ഷയടക്കം അഞ്ച് വാഹനങ്ങൾ തകർത്തു. ആനയെ കണ്ട് പേടിച്ചോടിയ ഒരാൾക്ക് വീണ് പരിക്കേറ്റു. അരിക്കൊമ്പനെ തുരത്താനുള്ള ശ്രമത്തിനിടെയും ചിലർക്ക് പരിക്കേറ്റതായി റിപ്പോർട്ടുകളുണ്ട്.