ചെന്നൈ : അരിക്കൊമ്പൻ മേഘമല റിസർവ് വനമേഖലയിലേക്ക് നീങ്ങിയതായി തമിഴ്നാട് വനം മന്ത്രി ഡോ. മതിവേന്തൻ. വനം വകുപ്പ് ഉദ്യോഗസ്ഥരും ഗ്രൗണ്ട് സ്റ്റാഫും അടങ്ങുന്ന സംഘം ആനയെ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. കമ്പത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മേഘമല റിസർവ് ഫോറസ്റ്റിനുള്ളിലാണ് ആനയുള്ളതെന്ന് റേഡിയോ കോളറിന്റെ സഹായത്തോടെ മനസിലാക്കാൻ സാധിച്ചിട്ടുണ്ട്. റേഡിയോ കോളർ സജീവമാകുമ്പോഴോ സിഗ്നൽ ഏരിയയിലേക്ക് ആന നീങ്ങുമ്പോഴോ നിരീക്ഷിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ആനയുടെ സഞ്ചാരപഥം മുഴുവൻ സമയവും നിരീക്ഷിക്കുന്നുണ്ട്. ജനവാസ മേഖലയിൽ എത്തുമ്പോൾ ശബ്ദം കേട്ടും മറ്റുമാണ് ആന വിരളുന്നത്. അരിക്കൊമ്പൻ ദൗത്യത്തിനായി അഞ്ച് പേർ അടങ്ങുന്ന ഡാർടിംഗ് സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അരിക്കൊമ്പനെ ജനവാസ മേഖലയിൽ തിരിച്ചെത്തിയാൽ മയക്കു വെടിവച്ചു പിടികൂടും. അല്ലെങ്കിൽ ഉൾവനത്തിലേക്ക് ആനയെ തുരത്തുമെന്നും മന്ത്രിപറഞ്ഞു.