കാട്ടുപോത്തിന്റെ ആക്രമണം കൊല്ലത്തും കോട്ടയത്തും മൂന്ന് പേര്‍ മരിച്ചു ; പ്രതിഷേധവുമായി നാട്ടുകാര്‍  

കോട്ടയം: സംസ്ഥാനത്ത് വെള്ളിയാഴ്ച കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് മൂന്ന് പേര്‍. കോട്ടയെത്തെ എരുമേലിയിലും കൊല്ലത്തെ അഞ്ചലിലുമാണ് കാട്ടുപോത്ത് ഇറങ്ങിയത്. എരുമേലി കണമലയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ മരണം രണ്ടായി. പുറത്തേല്‍ ചാക്കോച്ചന്‍ (65), പ്ലാവനക്കുഴിയില്‍ തോമാച്ചന്‍ (60) എന്നിവരാണ് മരിച്ചത്. കണമല അട്ടിവളവിന് സമീപം വെള്ളിയാഴ്ച രാവിലെയാണ് ആക്രമണം ഉണ്ടായത്. 

തോമാച്ചന്‍ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. സംഭവത്തില്‍ വനപാലകര്‍ക്കെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. ഇരുവരുടേയും മൃതദേഹം കാഞ്ഞിരപ്പള്ളിയിലെ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നു.

ചാക്കോച്ചന്‍ വീടിന്റെ പൂമുഖത്ത് ഇരിക്കുകയായിരുന്നു. ഇതിനിടെ പാഞ്ഞുവന്ന കാട്ടുപോത്ത് ഇയാളെ ആക്രമിച്ചു. തോമാച്ചന്‍  തോട്ടത്തില്‍ ജോലിയിലായിരിക്കേയാണ് ആക്രമണമുണ്ടായത്. ഇരുവരെയും ആക്രമിച്ച ശേഷം കാട്ടുപോത്ത് കാടിനകത്തേക്ക് ഓടി. പരിക്കേറ്റയാളെ പ്രദേശവാസികള്‍ റബ്ബര്‍ തോട്ടത്തില്‍നിന്ന് എടുത്തുകൊണ്ടുവരുന്നതിന്റെ ദൃശ്യങ്ങള്‍ ലഭ്യമായിട്ടുണ്ട്.

കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലത്തും ഒരാള്‍ മരിച്ചു. കൊടിഞ്ഞാല്‍ സ്വദേശി വര്‍ഗീസ് (60) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ദുബൈയിയില്‍ നിന്നെത്തിയ വര്‍ഗീസിനെ പറമ്പില്‍ വച്ചാണ് കാട്ടുപോത്ത് ആക്രമിച്ചത്. ഉടന്‍ തന്നെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആക്രമണം നടത്തിയ കാട്ടുപോത്തിനെ ചത്തനിലയില്‍ കണ്ടെത്തി.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *