കുഴിമന്തിയും ചിക്കനും മയണൈസുമെല്ലാ കഴിച്ച് ഭക്ഷ്യ വിഷബാധ ഉണ്ടാവാന്‍ തുടങ്ങിയതോടെ ഭക്ഷ്യസുരക്ഷാ വകുപ്പും അധികാരികളുമെല്ലാം ഭക്ഷണ പരിരോധന ശക്തമാക്കിയിരിക്കുകയാണ്. ഹോട്ടലുകൾ കയറിയിറങ്ങി പരിശോധന നടത്തുകയാണ്. പക്ഷേ, അപ്പോഴും അതിത്തി കടന്ന് കേരളത്തിലേക്കെത്തുന്ന പച്ചക്കറികളും ഇറച്ചിയുമെല്ലാം പരിശോധിക്കാനായി കേരളത്തിൽ സംവിധാനങ്ങളൊന്നും ശക്തമല്ല. അതിർത്തി കടന്ന് കേരളത്തിലേക്കെത്തുന്ന വിഷമാണ് നമ്മുടെ തീൻമേശയിലെത്തുന്നതെന്ന് വ്യക്തമാക്കുന്നതാണ് ഏഷ്യാനെറ്റ് ന്യൂസ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംപ്രേക്ഷണം ചെയ്യുന്ന ‘ഫുഡെല്ലാം ഗുഡല്ല’ എന്ന അന്വേഷണ പരമ്പര. തമിഴ്നാട്ടിൽ നിന്നും കർണാടകയിൽ നിന്നുമെല്ലാം യാതൊരു പരിശോധനയുമില്ലാതെ എത്ര സുഖകരമായാണ് നമ്മുടെ നാട്ടിലേക്ക് ഭക്ഷ്യ വസ്തുക്കൾ എത്തുന്നത്.
മലയാളികൾ ഏറ്റവും കൊതിയോടെ കഴിക്കുന്ന ഉണക്കമീൻ കേരളത്തിലേക്കെത്തുന്ന വഴി കണ്ടവരാരും ഇനി അത് കഴിക്കാൻ മുതിരില്ല. വൃത്തിയുള്ളവരെന്ന് അഭിമാനിക്കുന്ന മലയാളികൾ കഴിക്കുന്ന ഉണക്കമീൻ അത്രയും വൃത്തിഹീനമായ സാഹചര്യത്തിലാണ് നമ്മളിലേക്കെത്തുന്നതെന്ന് തുറന്ന് കാട്ടിയ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടറും ക്യാമറാമാനും പ്രശംസ അർഹിക്കുന്നു. മനുഷ്യ വിസർജ്യം പോലുമുള്ള വെള്ളത്തിൽ കഴുകിയും ഉണക്കിയുമെല്ലാമാണ് ഉണക്കമീൻ എത്തുന്നതെന്നത് അറപ്പുളവാക്കുന്നതാണ്.
ഉണക്കമീൻ മാത്രമല്ല, പച്ചക്കറികളും പഴങ്ങളും കശാപ്പിനായെത്തുന്ന മാടുകൾ വരെ കേരളത്തിലെത്തുന്നത് പരിശോധനകളൊന്നുമില്ലാതെയാണ്. കേരളത്തിൽ പണ്ടേ നിരോധിച്ച പല രാസകീടനാശിനികളും ഉപയോഗിച്ച് ഉണ്ടാക്കിയ പഴങ്ങളും പച്ചക്കറികളുമാണ് നമ്മൾ ആർത്തിയോടെ കഴിക്കുന്നത്. അസുഖമുണ്ടോ എന്ന് പോലും പരിശോധിക്കാതെയാണ് കശാപ്പിനായി മൃഗങ്ങൾ കേരളത്തിലെത്തുന്നത്.
ഹോട്ടലുകൾ മാത്രമല്ല, ഭക്ഷണമെത്തുന്ന വഴിവരെ ഇത്രയും മലിനമാണെന്ന് കാട്ടിത്തരുന്ന ഏഷ്യാനെറ്റ് ന്യൂസ് പരമ്പര സമൂഹം ചർച്ച ചെയ്യുകയാണ്. ഇതുവരെ നല്ലതെന്ന് കരുതി കഴിച്ച പല സാധനങ്ങളുടെയും സത്യാവസ്ഥ മനസ്സിലാക്കി തരാൻ ഈ പരമ്പരയ്ക്ക് സാധിക്കുന്നുണ്ട്. ഇത് അധികാരികളുടെയും കണ്ണ് തുറപ്പിക്കണം. ഭക്ഷണം കഴിച്ച് ഇനിയാരും മരിക്കാതിരിക്കണമെങ്കിൽ അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ഭക്ഷ്യ വസ്തുക്കൾ പരിശോധിക്കാനും ഭക്ഷ്യ സുരക്ഷാ വകുപ്പ് മുൻകൈ എടുക്കണം.