തിരുവനന്തപുരം : ന്യൂയോര്‍ക്കില്‍ ലോക കേരള സഭ മേഖലാ സമ്മേളനത്തില്‍ മുഖ്യമന്ത്രിയുടെ കൂടെയിരിക്കാന്‍ 82 ലക്ഷം പിരിക്കുന്നുവെന്ന പ്രചാരണം അസംബന്ധമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എകെ ബാലന്‍. പണം പിരിക്കുന്നത് സ്‌പോണ്‍സര്‍ഷിപ്പ് ആയാണെന്നും പ്രവാസികള്‍ മനസ്സറിഞ്ഞ് സഹകരിക്കുന്നതില്‍ എന്തിനാണ് അസൂയയെന്നും ബാലന്‍ ചോദിച്ചു.
”ഒരു പുതിയ മാതൃക കേരള സര്‍ക്കാര്‍ സൃഷ്ടിച്ചു. അതിന്റെ ഭാഗമായി പ്രവാസികള്‍ക്ക് വലിയ ആശ്വാസമാണ് ഇപ്പോഴുള്ളത്. നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ചു. പ്രവാസി പോര്‍ട്ടല്‍ അത്തരത്തില്‍ ഒന്നാണ്. പ്രവാസികളുടെ സ്വത്തും വീടും അന്യമാകുന്ന സ്ഥിതിയുണ്ടായിരുന്നു. ആരും നോക്കില്ല. ഇപ്പോള്‍ അങ്ങനെയൊന്നു സംഭവിച്ചു കഴിഞ്ഞാല്‍, പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്താല്‍ കേരള സര്‍ക്കാര്‍ ഇടപെടും. ഇന്നേവരെ ആര്‍ക്കെങ്കിലും തോന്നിയതാണോ അത്. എന്നിട്ട് ഇപ്പോള്‍ പറയുന്നു, 82 ലക്ഷം രൂപ കൊടുത്താല്‍ മുഖ്യമന്ത്രിയുടെ കൂടെയിരിക്കാമെന്ന്. ഇതുപോലുള്ള ശുദ്ധ അസംബന്ധം ആരെങ്കിലും പറയുമോ?’- ബാലന്‍ ചോദിച്ചു.
”കേരളത്തിന്റെ ധനകാര്യ മന്ത്രി ഉണ്ടല്ലോ, ഖജനാവിലേക്ക് ഒന്നും കേന്ദ്ര സര്‍ക്കാര്‍ തന്നിട്ടില്ല. ആ കാലിയായ ഖജനാവിന്റെ ഒരാള്‍ അവിടെ പോയി ഇരുന്നുകഴിഞ്ഞാല്‍, അദ്ദേഹത്തിന്റെ കൂടെയിരിക്കാന്‍ ആരെങ്കിലും 82 ലക്ഷം രൂപ ചെലവാക്കുമോ?. ഇത് ഒരു അസുഖമാണ്, പെട്ടെന്നൊന്നും മാറുന്നതല്ലെന്നും ബാലന്‍ പറഞ്ഞു.
പ്രവാസികളെ പ്രതിപക്ഷം അവഹേളിക്കുകയാണ്. നേരത്തെ പറഞ്ഞത് അവര്‍ക്ക് ആഢംബര ഹോട്ടലില്‍ താസമിക്കാന്‍ നികുതിപ്പണം എന്തിന് ചെലവാക്കുന്നുവെന്നാണ്. അതു കേട്ടാണ് ആ ചെലവ് തങ്ങള്‍ വഹിച്ചോളാമെന്ന് യൂസഫലി അടക്കമുള്ളവര്‍ പറഞ്ഞത്- ബാലന്‍ പറഞ്ഞു.