തിരുവനന്തപുരം: എഐ കാമറ ഉപയോഗിച്ചുള്ള പിഴ ഈടാക്കൽ മരവിപ്പിച്ചത് ജൂണ്‍ നാലുവരെ നീട്ടാൻ തീരുമാനം. മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. നിലവിലെ തീരുമാന പ്രകാരം ജൂണ്‍ അഞ്ച് മുതൽ പിഴ ഈടാക്കും. ഇതിനായി സർക്കാർ ഉത്തരവ് ഇറക്കും.
അഴിമതി ആരോപണം കാരണം വിവാദത്തിലായ എഐ കാമറ പദ്ധതി സംബന്ധിച്ച സമഗ്ര കരാർ തയാറാക്കുന്നത് അടുത്ത മൂന്നു മാസത്തിനുള്ളിൽ മതിയെന്നും യോഗം തീരുമാനിച്ചു. പിഴ ഈടാക്കൽ നടപടി ആരംഭിച്ച് മൂന്നു മാസത്തിനകം സമഗ്രകരാർ നടപടികളിലേക്ക് കടക്കും. കെൽട്രോണ്‍ നൽകിയ കരാറുകളും കെൽട്രോണും മോട്ടോർ വാഹന വകുപ്പും തമ്മിലുണ്ടാക്കിയ കരാരും ഇതിനുള്ളിൽ പുനഃപരിശോധിക്കാനും യോഗത്തിൽ ധാരണയായി. അതിനു ശേഷമാകും ഗതാഗതവകുപ്പ് സമഗ്ര കരാർ തയാറാക്കുക.
ഈ കരാർ ധന, നിയമ വകുപ്പുകളുടെ അംഗീകാരം കൂടി നേടിയ ശേഷം മാത്രമെ നടപ്പിലാക്കുകയുള്ളൂ. മേയ് നാലിനാണ് സർക്കാർ പദ്ധതി മരവിപ്പിച്ചത്. അതിനു മുന്‍പ് സർക്കാർ നിയമോപദേശവും തേടിയിരുന്നു. മേയ് അഞ്ച് മുതൽ ഗതാഗത നിയമലംഘനങ്ങൾക്ക് ബോധവത്കരണ നോട്ടീസ് അയച്ചു തുടങ്ങിയിരുന്നു.