മോദിയുടെ മൻ കി ബാത്ത് കേട്ടില്ല, ഹോസ്റ്റലിൽ നിന്നും ഒരാഴ്ച പുറത്തിറങ്ങരുതെന്ന് 36 നഴ്സിങ് വിദ്യാർത്ഥികൾക്ക് വിലക്ക് 

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൻ കി ബാത്തിൽ പങ്കെടുക്കാതിരുന്ന വിദ്യാർത്ഥികൾക്കെതിരെ നടപടി. ചണ്ഡീ​ഗഡ് പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ചിലെ (പിജിഐഎംഇആറിലെ) 36 നഴ്സിങ് വിദ്യാർത്ഥികൾക്കെതിരെയാണ് നടപടി. വിദ്യാർത്ഥികളെ ഒരാഴ്ച് ഹോസ്റ്റലിന് പുറത്തുപോകുന്നതിൽ നിന്ന് കോളേജ് വിലക്കി. മൻ കി ബാത്തിന്റെ നൂറാം എപ്പിസോഡിന്റെ പ്രക്ഷേപണ പരിപാടിയിൽ പങ്കെടുക്കാത്തതിനാണ് അധികൃതരുടെ നടപടി.

ഒന്നാം വർഷ വിദ്യാർത്ഥികളായ 28 പേരും, മൂന്നാം വർഷ വിദ്യാർത്ഥികളായ എട്ടു പേർക്കുമെതിരെയുമാണ് നടപടി. നടപടിയുടെ ഭാ​ഗമായി ഹോസ്റ്റലിൽ നിന്ന് പുറത്തുപോകുന്നതിന് വിലക്കേർപ്പെടുത്തി കോളേജ് പ്രിൻസിപ്പൽ ഡോ.സുഖ്പാൽ കൗർ വിദ്യാർത്ഥികൾക്ക് കത്തയച്ചു. ഏപ്രിൽ 30 ന് നടന്ന നൂറാം എപ്പിസോഡ് പ്രക്ഷേപണത്തിൽ നിർബന്ധമായി ഭാ​ഗമാകണമെന്ന് പിജിഐഎംഇആറിലെ അധികൃതർ ഒന്ന്, മൂന്ന് വർഷ നഴ്സിങ് വിദ്യാർത്ഥികൾക്ക് നിർദേശം നൽകിയിരുന്നു. ഇതിൽ 36 വിദ്യാർത്ഥികൾ പങ്കെടുക്കാതിരുന്നതാണ് വിലക്കിലേക്ക് നയിച്ചത്.

അതേസമയം അച്ചടക്കം നിലനിർത്താനാണ് വിദ്യാർത്ഥികൾക്കെതിരെ നടപടി സ്വീകരിച്ചതെന്ന് ഡോ.സുഖ്പാൽ കൗർ പറഞ്ഞു. ഓരോ ഡിപ്പാർട്ട്മെന്റും സംഘടിപ്പിക്കുന്ന പരിപാടികളിൽ വിദ്യാർത്ഥികൾ പങ്കെടുക്കേണ്ടതുണ്ട്. സ്ഥാപനത്തിലെ എല്ലാവരും ആത്മാർത്ഥതയോടെ ഒരു ടീമായി പ്രവർത്തിക്കുന്നുണ്ട്. വിദ്യാർത്ഥികൾക്കെതിരെയുളള നടപടി തെറ്റിദ്ധരിക്കപ്പെടുകയും തെറ്റായി വ്യാഖ്യാനിക്കപ്പെടുകയും ചെയ്യുന്നത് നിർഭാഗ്യകരമാണെന്നും സുഖ്പാൽ കൗർ കൂട്ടിച്ചേർത്തു.

36 വിദ്യാർത്ഥികളെ ശിക്ഷിക്കുകയും പീഡിപ്പിക്കുകയും ചെയ്യുക എന്നതാണ് പിജിഐഎംഇആറിലെ അധികൃതരുടെ ഉദ്ദേശ്യമെന്ന് ചണ്ഡീഗഡ് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് മനോജ് ലുബാന പറഞ്ഞു. ഭരണകൂടത്തിന്റെ സമ്മർദ്ദത്തെ തുടർന്നാണ് വിദ്യാർത്ഥികൾക്കെതിരെ നടപടി സ്വീകരിച്ചതെന്നും യൂത്ത് കോൺ​ഗ്രസ് വിമർശിച്ചു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *