ന്യൂഡൽഹി: കേന്ദ്ര സർക്കാരുമായുള്ള അധികാരത്തർക്കത്തിൽ ഡൽഹി എഎപി സർക്കാരിന് അനുകൂലമായി സുപ്രീം കോടതിയുടെ സുപ്രധാന വിധി. ജനാധിപത്യത്തിൽ ഭരണത്തിന്‍റെ യഥാർഥ അധികാരം തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന്‍റെ കൈകളിലാകണമെന്ന് ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഢ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് വിധിച്ചു.
പോലീസ്, പൊതുക്രമം, ഭൂമി എന്നിവയിലൊഴികെ അധികാരം ഡൽഹി സർക്കാരിനായിരിക്കും. നിയമനിർമാണം നടത്താൻ ഡൽഹി നിയമസഭയ്ക്ക് അധികാരം നൽകിയിട്ടുണ്ട്. ഉദ്യോഗസ്ഥർ മന്ത്രിമാർക്ക് റിപ്പോർട്ട് നൽകുന്നത് നിർത്തുകയും അവരുടെ നിർദേശങ്ങൾ പാലിക്കാതിരിക്കുകയും ചെയ്താൽ കൂട്ടുത്തരവാദിത്വത്തിന്‍റെ തത്വത്തെ ബാധിക്കുമെന്നും കോടതി നിരീക്ഷിച്ചു.
മറ്റ് കേന്ദ്ര ഭരണപ്രദേശങ്ങളെപ്പോലെയല്ല ഡൽഹിയെന്നും മറ്റു സംസ്ഥാന നിയമസഭകൾക്ക് തുല്യമായ അധികാരം ഡൽഹി നിയമസഭയ്ക്കുണ്ടെന്നും കോടതി ഉത്തരവിൽ പറയുന്നു. ഡൽഹിയിലെ ലെഫ്റ്റനന്‍റ് ഗവർണർ, തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന്‍റെ പ്രവർത്തനങ്ങളിൽ ഭാഗമായിരിക്കണമെന്നും കോടതി വ്യക്തമാക്കി.