കൊച്ചി മെട്രോയ്ക്ക് ഇന്ന് ആറ് വയസ്സ്: പ്രതിദിന യാത്രികരുടെ എണ്ണം ഒരു ലക്ഷത്തിലേക്ക്

കൊച്ചി മെട്രോയ്ക്ക് ഇന്ന് ആറ് വയസ്സ്: പ്രതിദിന യാത്രികരുടെ എണ്ണം ഒരു ലക്ഷത്തിലേക്ക്

20 രൂപ നിരക്കില്‍ ഇന്ന് എവിടേക്കും മെട്രോ യാത്ര

കേരളത്തിന്റെ പൊതുഗതാഗതത്തിൽ വേറിട്ട വഴി സൃഷ്ടിച്ച  കൊച്ചി മെട്രോയ്ക്ക് ഇന്ന് ആറാം പിറന്നാള്‍. വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ടിക്കറ്റ് നിരക്കില്‍ ഇളവും സമ്മാന പദ്ധതികളുമായിട്ടാണ് കെഎംആര്‍എല്‍ യാത്രക്കാരെ സ്വാഗതം ചെയ്യുന്നത്. ഇരുപത് രൂപ നിരക്കില്‍ ഇന്ന് എവിടേക്കും യാത്ര ചെയ്യാം.

30, 40 ,50, 66 എന്നിങ്ങനെയുള്ള ടിക്കറ്റ് നിരക്കിന് പകരമാണ് യാത്രകാര്‍ക്ക് ആകര്‍ഷകമായ നിരക്ക് സംവിധാനം ആഘോഷ ഭാഗമായി ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആലുവ, കളമശേരി, പാലാരിവട്ടം, കലൂര്‍, എംജി റോഡ്, കടവന്ത്ര, വൈറ്റില, വടക്കേക്കോട്ട എന്നീ എട്ട് സ്റ്റേഷനുകളില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ പ്രദര്‍ശന-വില്‍പ്പന മേളയും സംഘടിപ്പിച്ചിട്ടുണ്ട്. വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കഴിഞ്ഞ ദിവസം മെട്രോ ട്രെയിനുകളില്‍ ഒരുക്കിയ ‘ചിരി വര’ പരിപാടി യാത്രക്കാരെ ആകര്‍ഷിച്ചു. യാത്രക്കാരുടെ കാരിക്കേച്ചറുകള്‍ പ്രമുഖ കാര്‍ട്ടൂണിസ്റ്റുകള്‍ വരച്ചു നല്‍കി. തെരഞ്ഞെടുത്തവ പിന്നീട് മെട്രോ ട്രെയിനുകളില്‍ പ്രദര്‍ശിപ്പിക്കും.

വിദ്യാർഥികളും ഐടി ജീവനക്കാരും ഉദ്യോഗസ്ഥരുമുൾപ്പെടെ ആയിരക്കണക്കിനാളുകളാണ് ദിനം പ്രതി മെട്രോ ഉപയോഗിക്കുന്നത്. മെയ് മാസത്തിൽ ശരാശരി 98766 പേരാണ് മെട്രോയിൽ യാത്ര ചെയ്തത്. മെയ് മാസം 12 ദിവസങ്ങളിൽ ഒരു ലക്ഷത്തിലധികം പേരായിരുന്നു യാത്രക്കാർ. മെട്രോയ്ക്ക് പിന്നാലെ എത്തിയ വാട്ടർ മെട്രോയ്ക്കും കിട്ടിയത് മികച്ച പ്രതികരണം. കൊച്ചിയിലെ വിവിധ ദ്വീപുകളെ ബന്ധിപ്പിക്കുന്ന വാട്ടർ മെട്രോകളിൽ യാത്ര ചെയ്യാൻ യാത്രക്കാരുടെ തിരക്കാണ്. 

2017 ജൂണ്‍ 17നാണ് കൊച്ചി മെട്രോ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്. നാല് വര്‍ഷമെടുത്താണ് കൊച്ചി മെട്രോയുടെ ആദ്യഘട്ട നിര്‍മാണം പൂര്‍ത്തിയാക്കി ഉദ്ഘാടനത്തിന് സജ്ജമായത്. രണ്ടാം ഘട്ടം കൂടി പൂര്‍ത്തിയാകുന്നതോടെ കൊച്ചിയുടെ പ്രധാന മേഖലകളെ ബന്ധിപ്പിക്കാനും കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കാനുമാകുമെന്നാണ് പ്രതീക്ഷ. വേഗത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് കെഎംആര്‍എല്‍ ശ്രമം.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *