ഐപിഎസുകാരിയായ സഹപ്രവർത്തകയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മുൻ ഡിജിപിക്ക് മൂന്നു വർഷം തടവും 10,000 രൂപ പിഴയും. തമിഴ്നാട്ടിലെ മുൻ സ്പെഷൽ ഡിജിപി രാജേഷ് ദാസിനെയാണ് വില്ലുപുരം കോടതി കുറ്റക്കാരനായി കണ്ടെത്തി ശിക്ഷിച്ചത്. പരാതി നൽകുന്നതിനിൽനിന്ന് വനിതാ ഉദ്യോഗസ്ഥയെ തടഞ്ഞ ഒരു പൊലീസുകാരനു മേൽ 500 രൂപ പിഴയും ചുമത്തി.
മേൽ കോടതിയിൽ അപ്പീൽ നൽകാൻ 30 ദിവസത്തെ സാവകാശം നൽകി ദാസിന് ജാമ്യം അനുവദിച്ചു. വനിതാ ഐപിഎസ് ഓഫിസറുടെ ആരോപണത്തെ തുടർന്ന് ഡിജിപിയെ തൽസ്ഥാനത്തു നിന്നു മാറ്റിയിരുന്നു. 2021ഫെബ്രുവരിയിലാണ് വനിത ഐപിഎസ് ഉദ്യോഗസ്ഥ പരാതി നൽകിയത്. അന്ന് മുഖ്യമന്ത്രിയായിരുന്ന എടപ്പാടി കെ.പളനിസാമിയുടെ സുരക്ഷാദൗത്യത്തിന്റെ ഭാഗമായി സഞ്ചരിക്കവേ മുതിർന്ന ഉദ്യോഗസ്ഥനായ രാജേഷ് കാറിൽവച്ച് ലൈംഗികാതിക്രമത്തിന് ശ്രമിച്ചുവെന്നാണ് പരാതി. വനിത ഉദ്യോഗസ്ഥയുടെ പരാതിയെ തുടർന്ന് സർക്കാർ ദാസിനെ സസ്പെൻഡ് ചെയ്ത് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
ഫെബ്രുവരി 21ന് രാത്രി തിരുച്ചിറപ്പള്ളി-ചെന്നൈ ഹൈവേയില്‍ വച്ചാണ് സംഭവം നടന്നതെന്നാണ് റിപ്പോര്‍ട്ട്. തിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ക്കു ശേഷം മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം പോയതിനു പിന്നാലെ ‘വിഐപി ഡ്യൂട്ടി’ കഴിഞ്ഞ് സ്പെഷല്‍ ഡിജിപിയും സംഘവും ചെന്നൈയിലേക്കു മടങ്ങുകയായിരുന്നു. മുതിര്‍ന്ന ഓഫിസറെ സ്വീകരിക്കേണ്ട ചുമതല പരാതിക്കാരിക്കായിരുന്നു. സല്യൂട്ട് ചെയ്ത് വാഹനവ്യൂഹത്തിനൊപ്പം സഞ്ചരിക്കുകയാണ് പതിവ്. എന്നാല്‍ സ്പെഷല്‍ ഡിജിപി, വനിതാ ഓഫിസറോടു തന്റെ കാറില്‍ കയറാന്‍ ആവശ്യപ്പെട്ടു. കാറിനുള്ളിൽ വച്ച് മോശമായ പെരുമാറ്റമുണ്ടായെന്നാണ് വനിത ഉദ്യോഗസ്ഥ പരാതിയിൽ പറഞ്ഞത്.
കാര്‍ 40 മിനിറ്റ് സഞ്ചരിച്ചു കഴിഞ്ഞപ്പോള്‍ അടുത്ത സ്ഥലത്ത് നോര്‍ത്ത് സോണ്‍ ഐജിപി കെ. ശങ്കര്‍, ഡിഐജി എം. പാണ്ഡ്യന് ഐപിഎസ് ഓഫിസര്‍മാരായ സിയാഉള്‍ ഹഖ് എന്നിവര്‍ ഡിജിപിയെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. കാര്‍ നിര്‍ത്തിയയുടന്‍ വനിതാ ഓഫിസര്‍ വലതുഭാഗത്തെ ഡോര്‍ തുറന്ന് പുറത്തേക്കോടി. തൊട്ടുപിറ്റേന്നാണ് വനിതാ ഓഫിസര്‍ ചെന്നൈയിലെത്തി ഡിജിപി ജെ.കെ. ത്രിപാഠിക്കും ആഭ്യന്തര മന്ത്രാലയത്തിനും പരാതി നല്‍കിയത്. രണ്ടു ദിവസത്തിനുശേഷം സ്പെഷല്‍ ഡിജിപി സ്ഥാനത്തുനിന്ന് ദാസിനെ നീക്കി. തുടർന്ന് ആറംഗം അന്വേഷണ സംഘത്തെ നിയോഗിക്കുകയും ചെയ്തു.