മോൻസൺ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പ് കേസിൽ രണ്ടാം പ്രതിയായി ചേർക്കപ്പെട്ട കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന് 23ന് ഹാജരാകാൻ ക്രൈംബ്രാഞ്ച് വീണ്ടും നോട്ടീസ് നൽകി. 14ന് ഹാജരാകാൻ ആദ്യം നോട്ടീസ് നൽകിയപ്പോൾ സുധാകരൻ ഒരാഴ്ച സമയം ചോദിച്ചിരുന്നു. കളമശേരിയിലെ ഓഫീസിലാണ് എത്തേണ്ടത്.
ഈ കേസിൽ മൂന്നും നാലും പ്രതികളായി ചൊവ്വാഴ്ച ഉൾപ്പെടുത്തിയ മുൻ ഡി.ഐ.ജി എസ്.സുരേന്ദ്രനും ട്രെയിനിംഗ് ഐ.ജി. ലക്ഷ്മണും നോട്ടീസ് നൽകുന്ന കാര്യം ക്രൈംബ്രാഞ്ച് ഇന്ന് തീരുമാനിക്കും. കേസിന്റെ തുടർനടപടികൾ ആലോചിക്കാൻ ക്രൈംബ്രാഞ്ച് ഇന്നലെ കൊച്ചിയിൽ യോഗം ചേർന്നിരുന്നു. യാക്കൂബ് പുരയിലും മറ്റ് അഞ്ചുപേരും നൽകിയ 10 കോടിയുടെ തട്ടിപ്പ് കേസിലാണ് സുധാകരനെ പ്രതി ചേർത്തത്. സുധാകരന്റെ സാന്നിദ്ധ്യത്തിൽ 25 ലക്ഷം രൂപ നൽകിയെന്നും ഇതിൽ 10 ലക്ഷം സുധാകരന് കൈമാറുന്നത് കണ്ടെന്നും മോൻസണിന്റെ മുൻ ഡ്രൈവർ അജിത്തും ജീവനക്കാരായ ജെയ്സണും ജോഷിയും മൊഴി നൽകിയിട്ടുണ്ട്. ആരോപണം സുധാകരൻ നിഷേധിച്ചിട്ടുണ്ടെങ്കിലും മൊഴികൾ ശക്തമാണെന്നും പണം കൈമാറിയ ദിവസം സുധാകരൻ മോൻസണിന്റെ വീട്ടിൽ ഉണ്ടായിരുന്നുവെന്നതിന് ഡിജിറ്റൽ തെളിവുകളുമുണ്ടെന്നുമാണ് ക്രൈംബ്രാഞ്ച് നിലപാട്.