കൊച്ചി: മഹാരാജാസ് കോളജ് മാർക് ലിസ്റ്റ് വിവാദത്തിൽ തനിക്കെതിരെ ഗൂഢാലോചന നടന്നെന്ന എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയുടെ വാദം പൊളിയുന്നു. പ്രിൻസിപ്പൽ അടക്കമുളളവർക്കെതിരെ ആർഷോ പരാതി നൽകുന്നതിന് മൂന്നാഴ്ച മുമ്പ് തന്നെ കോളേജിലെ അധ്യാപകരുടെ വാട്സ്ആപ് ഗ്രൂപ്പിൽ ഇക്കാര്യം ചർച്ചയായിരുന്നു. കോളേജിലെ അധ്യാപക സംഘടനകൾ തമ്മിലുള്ള പടലപ്പിണക്കവും പിന്നീട് മാർക് ലിസ്റ്റ് വിവാദത്തിന് കാരണമായെന്നാണ് കരുതുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോർട്ടർ അഖില നന്ദകുമാർ അടക്കമുളളവർക്കെതിരെ ഗൂഢാലോചനാക്കുറ്റം ചുമത്തി കള്ളക്കേസെടുത്ത സംഭവത്തിലാണ് പരാതിക്കാരനായ എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി ആർഷോയുടെ വാദം പൊളിയുന്നത്. കോളേജിലെ അധ്യാപകരുടെ വാട്സ്ആപ് ഗ്രൂപ്പിൽ കഴിഞ്ഞ മേയ് 12നാണ് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറിയുടെ പരീക്ഷാഫലം തെറ്റായി പ്രസിദ്ധീകരിച്ചിരിച്ചെന്ന് കോൺഗ്രസ് അനൂകൂല സംഘടനയിൽ അംഗമായ അധ്യാപകൻ അറിയിക്കുന്നത്. ഇതേപ്പറ്റി വിദ്യാർഥികൾക്കിടയിലും അധ്യാപകർക്കിടിയിലും സംസാരമുണ്ടെന്ന് മറ്റൊരു അധ്യാപകനും അറിയിച്ചിരുന്നു.