വ്യാജരേഖാ കേസ്: തെളിവ് തേടി നീലേശ്വരം പൊലീസ് മഹാരാജാസ് കോളേജിൽ

വ്യാജരേഖാ കേസ്: തെളിവ് തേടി നീലേശ്വരം പൊലീസ് മഹാരാജാസ് കോളേജിൽ

കൊച്ചി: കാസർകോട് കരിന്തളം ഗവൺമെന്റ് കോളേജിൽ വ്യാജരേഖ ഹാജരാക്കി തൊഴിൽ നേടിയതുമായി ബന്ധപ്പെട്ട കേസിൽ നീലേശ്വരം പൊലീസ് അന്വേഷണം തുടങ്ങി. കെ വിദ്യക്കെതിരായ പരാതിയിൽ നീലേശ്വരം പൊലീസ് സംഘം മഹാരാജാസ് കോളേജിൽ വിവരം ശേഖരിക്കാനായെത്തി. കോളേജ് പ്രിൻസിപ്പൽ അടക്കം അധികൃതരിൽ നിന്നും പൊലീസ് സംഘം വിവരങ്ങൾ തേടി. സംഭവത്തിൽ കരിന്തളം ഗവൺമെന്റ് കോളേജ് പ്രിൻസിപ്പൽ വിദ്യക്കെതിരെ നീലേശ്വരം പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം.

പാലക്കാട് അട്ടപ്പാടി രാജീവ് ഗാന്ധി സ്മാരക ഗവൺമെന്റ് കോളേജിൽ വ്യാജരേഖ ഹാജരാക്കി ജോലിക്ക് ശ്രമിച്ച കേസിൽ വിദ്യ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യ ഹർജി സമർപ്പിച്ചിട്ടുണ്ട്. എന്നാൽ കരിന്തളം കോളേജിൽ വ്യാജരേഖ ഹാജരാക്കി ജോലി നേടിയ കേസിൽ വിദ്യ മുൻകൂർ ജാമ്യ ഹർജി സമർപ്പിച്ചിട്ടില്ല. വ്യാജരേഖയുണ്ടാക്കി ആരെയും വഞ്ചിക്കുകയോ വ്യക്തിപരമായ നേട്ടമുണ്ടാക്കുകയോ ചെയ്തിട്ടില്ല, അതുകൊണ്ടുതന്നെ വഞ്ചനാക്കേസ് നിലനിൽക്കില്ല, രാഷ്ടീയ പ്രേരിതമായ കേസിൽ തന്നെ വ്യക്തിഹത്യ ചെയ്യാനും കരിയർ നശിപ്പിക്കാനുമാണ് ശ്രമം, അന്വേഷണവുമായി സഹകരിക്കാം,  ഏതു ജാമ്യവ്യവസ്ഥയും അംഗീകരിക്കാമെന്നുമാണ് വിദ്യ ജാമ്യ ഹർജിയിൽ വ്യക്തമാക്കിയിരിക്കുന്നത്.

വിദ്യയെ അറസ്റ്റുചെയ്യാൻ പൊലീസിന് ഇപ്പോഴും തടസമില്ല. എന്നാൽ കേസ് രജിസ്റ്റർ ചെയ്ത് എട്ടാം ദിവസവും വിദ്യയെ അറസ്റ്റ് ചെയ്യാനുള്ള യാതൊരു ശ്രമവും പൊലീസ് നടത്തിയിട്ടില്ല. അഗളി പൊലീസ് അട്ടപ്പാടി കോളേജിൽ നടത്തിയ പരിശോധനയിൽ വിദ്യ സമർപ്പിച്ച രേഖകളും വിദ്യ കോളേജിൽ എത്തിയെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചിരുന്നു. അതേസമയം വിദ്യക്ക് പൊലീസ് സംരക്ഷണം നൽകുന്നുവെന്ന വിമർശനം പ്രതിപക്ഷ നേതാവ് ഉയർത്തി. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോയാണ് വിദ്യയെ വ്യാജരേഖ തയ്യാറാക്കാൻ സഹായിച്ചതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *