വ്യാജ സർട്ടിഫിക്കറ്റിൽ കുമ്പിടി മാർക്കിൽ പാസാകൽ; വിപ്ലവ വിദ്യാർത്ഥി പ്രസ്ഥാനൻ്റെ പരീക്ഷണ കാലം

വ്യാജ സർട്ടിഫിക്കറ്റിൽ കുമ്പിടി മാർക്കിൽ പാസാകൽ; വിപ്ലവ വിദ്യാർത്ഥി പ്രസ്ഥാനൻ്റെ പരീക്ഷണ കാലം

നിതിൻ രാമകൃഷ്‌ണൻ എഴുതുന്നു

കേരളത്തിലെ വിദ്യാർത്ഥി പ്രസ്ഥാനങ്ങളുടെ ചരിത്രത്തിൽ ഒന്നാമൻ എന്ന്‌ സ്വയം അവകാശപ്പെടുന്ന എസ്എഫ്ഐക്ക് ഇതെന്തു പറ്റി എന്നാണ് ജനങ്ങൾ ചോദിക്കുന്നത്. ഒരിടത്തു പരീക്ഷ എഴുതാതെ ജയിക്കുന്ന എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി, മറ്റൊരു ഭാഗത്ത് വ്യാജരേഖ ചമച്ച് ജോലി നേടിയ മുൻ എസ്എഫ്ഐ നേതാവ്. വിപ്ലവ പ്രസ്ഥാനത്തിന്റെ കീഴിലെ കുട്ടി സഖാക്കൻമാർക്ക് ഈയിടെയായി കൈ എത്തുന്നിടത്തെല്ലാം പിഴവാണ്. പക്ഷെ ഇതൊക്കെ ഒറ്റപ്പെട്ട സംഭവങ്ങളായി തള്ളിക്കളയാൻ വല്യേട്ടൻ പാർട്ടി ഉള്ളപ്പോൾ നമ്മൾ അതിജീവിക്കും എന്ന അമിത ആത്മവിശ്വാസം എസ്എഫ്ഐക്ക് ഉണ്ടെന്നത് കണ്ടാമൃഗം മൂക്കിൽ വിരൽ വച്ചുപോകുന്ന ഒരു സത്യമാണ്. മുൻപ് കേരളത്തിലെ വിവിധ പ്രശ്നങ്ങളിൽ സത്യത്തിന്റെയും നീതിയുടെയും പേര് പറഞ്ഞുകൊണ്ട് യുവ തുർക്കികളെപ്പോലെ അടിച്ചു പൊളിച്ചുകൊണ്ടുള്ള ഇടപെടൽ നടത്തിയ എസ്എഫ്ഐ, പാർട്ടി ഭരണത്തിൽ കയറിയത് മുതൽ മിണ്ടാവ്രതത്തിലാണ്. 

വ്യാജ സർട്ടിഫിക്കറ്റ് അടിക്കുകയും എഴുതാതെ പരീക്ഷ ജയിക്കുന്ന ‘കുമ്പിടിമാർക്ക്’ ജാലവിദ്യയുമായൊക്കെ കുട്ടി നേതാക്കൾ ഭരണം ആസ്വദിക്കുമ്പോൾ വിദ്യാർത്ഥി പ്രശ്നങ്ങൾ അശേഷം കണ്ണിൽ പെടില്ലെന്നത് സ്വാഭാവികം. സ്‌കൂൾ വിദ്യാർത്ഥിനിയെ ഉപയോഗിച്ച് കള്ള വാർത്ത ഉണ്ടാക്കിയെന്ന ആരോപണം ഉന്നയിച്ചുകൊണ്ട് ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിൽ കയറി പ്രതിഷേധിച്ച എസ്എഫ്ഐ പ്രവർത്തകർ അന്നത്തെ ആ ബാനർ കൊണ്ട് സ്വന്തം നേതാവിന്റെ തല മൂടേണ്ട ഗതികേടിലാണ് ഉള്ളത്. അന്ന് വ്യാജ വാർത്തക്കെതിരെ ക്യാമ്പസുകളിൽ വിദ്യാർത്ഥി കൂട്ടായ്മക്ക് ആഹ്വാനം ചെയ്ത എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആർഷോ തന്നെയാണ് ഇന്ന് കുമ്പിടി മാർക്ക് വാങ്ങി പാസായി എന്നതും കമ്മ്യുണിസ്റ്റ്കാർ കണ്ണടക്കുകയും മറ്റുള്ളവരോട് കണ്ണുപൊത്തി മറക്കാനും ആവശ്യപ്പെടുന്നതായി വന്നത് എന്നതാണ് വിരോധാഭാസം. ഒപ്പം വ്യാജ രേഖ ചമച്ച മുൻ എസ്എഫ്ഐ നേതാവായ പെൺകുട്ടിക്ക് സഹായം ചെയ്തത് ആരെന്നതിൽ ഒരു വ്യക്തതയും അനിവാര്യമാണ്. ഇതുപോലെ ഇനിയും സർട്ടിഫിക്കറ്റ് നിർമ്മാണ വിദഗ്ധർ എസ്എഫ്ഐയിൽ ഇനിയുമുണ്ടോ എന്നതും നിക്ഷ്പക്ഷമായ അന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവരേണ്ടതാണ്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *