കണ്ണൂർ-എലത്തൂർ ട്രെയിൻ തീവെപ്പുകൾ തമ്മിലുള്ള ബന്ധം പരിശോധിക്കാൻ എൻ .ഐ.ഐ

കൊച്ചി:കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിനിനു തീയിട്ട കേസും എലത്തൂർ കേസുമായുള്ള ബന്ധം എൻ.ഐ.ഐ പരിശോധിക്കുന്നു. എലത്തൂർ കേസിലെ പ്രതി ഷാറുഖ് സെയ്ഫി ചോദ്യംചെയ്യലിൽ എൻഐഎക്കു നൽകിയ മൊഴിയാണ് രണ്ടാമത്തെ കേസിൽ അതിവേഗം ഇടപെടാൻ അന്വേഷണ സംഘത്തെ പ്രേരിപ്പിച്ചത്.  ഇപ്പോൾ രാജ്യവ്യാപകമായി നടക്കുന്ന റെയ്ഡുകളുമായി ട്രെയിൻ തീവയ്പിന് ബന്ധമുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. 

‘അതു ഞാനല്ലെങ്കിൽ മറ്റൊരാൾ ചെയ്യും’ എന്ന, വ്യാപക അർഥം കൽപിക്കാവുന്ന മൊഴി ഷാറുഖ് സെയ്ഫി നൽകിയിരുന്നു. അതിനു പരസ്പര ബന്ധമില്ലാത്ത വിശദീകരണങ്ങളാണു പിന്നീടുള്ള ചോദ്യം ചെയ്യലിൽ പ്രതി നൽകിയത്. കണ്ണൂർ തീവയ്പു കേസിലെ പ്രതിയെ ചോദ്യംചെയ്താൽ എലത്തൂർ കേസിനും സഹായകരമായേക്കും.  കണ്ണൂർ കേസിൽ ബംഗാൾ കൊൽക്കത്ത സ്വദേശി പുഷൻജിത്ത് സിദ്ഗർ കസ്റ്റഡിയിലായിരുന്നു ട്രെയിനിൽനിന്നു ലഭിച്ച 10 വിരലടയാളങ്ങളിൽ നാലും ഇയാളുടേതാണ്. ഇന്നലെ ട്രെയിനിനു തീയിട്ട സ്ഥലത്തിനു സമീപത്ത് ഈ വർഷം ഫെബ്രുവരി 13ന് തീയിട്ടതും ഇയാളാണെന്ന സൂചനയുണ്ട്. ലക്ഷ്യമെന്തെന്ന് ഇപ്പോഴും വ്യക്തമല്ല.

എൻഐഎ റജിസ്റ്റർ ചെയ്ത തീവ്രവാദ റിക്രൂട്മെന്റ് കേസിൽ കഴിഞ്ഞ ദിവസങ്ങളിൽ‌ ബിഹാർ, കർണാടക എന്നിവിടങ്ങളിൽ വ്യാപക പരിശോധന നടത്തിയ എൻഐഎ സംഘം ചൊവ്വാഴ്ച കാസർകോട്, മലപ്പുറം, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിലും റെയ്ഡ് നടത്തിയിരുന്നു. ഈ സംഘത്തോടു കേരളത്തിൽ തുടരാൻ ഡയറക്ടറേറ്റിൽ നിന്നു നിർദേശിച്ചിട്ടുണ്ട്. എലത്തൂർ കേസ് അന്വേഷിക്കുന്ന കൊച്ചി യൂണിറ്റിലെ എൻഐഎ സംഘവുമായും ഇവർ ആശയവിനിമയം നടത്തി.

എലത്തൂർ കേസിലെ പ്രതി ഷാറുഖ് സെയ്ഫിയെ പ്രത്യേക കോടതി ഇന്നലെ രണ്ടാഴ്ചത്തേക്കു കൂടി റിമാൻഡ് ചെയ്തു. പ്രതിഭാഗത്തിന്റെ ആവശ്യപ്രകാരം പ്രതിയുടെ മാനസിക, ശാരീരിക ആരോഗ്യനില വിദഗ്ധരടങ്ങിയ മെഡിക്കൽ ബോർഡിനെക്കൊണ്ടു പരിശോധിപ്പിക്കും. 2 മാനസികാരോഗ്യവിദഗ്ധർ അടക്കം 4 ഡോക്ടർമാർ സംഘത്തിലുണ്ടാവണം. കടുത്ത വയറുവേദന അനുഭവപ്പെടുന്നതായി ഷാറുഖ് പരാതിപ്പെട്ടിരുന്നു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *