മണിപ്പൂരിലെ സംഘര്‍ഷത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് അമിത് ഷാ

ഇംഫാല്‍ : മണിപ്പൂരിലെ സംഘര്‍ഷത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തും. ആറു കേസുകളുടെ അന്വേഷണം സിബിഐയ്ക്ക് കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി. 

‘അന്വേഷണം നിഷ്പക്ഷമായിരിക്കുമെന്നും ആക്രമണങ്ങള്‍ക്ക് പിന്നിലെ കാരണങ്ങളുടെ വേര് കണ്ടെത്തുമെന്നും ഉറപ്പുതരുന്നു.’-മണിപ്പൂരില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. 

സുരക്ഷാ ഉദ്യോഗസ്ഥരുടെ ആയുധങ്ങള്‍ തട്ടിയെടുത്തവര്‍ക്ക് എതിരെ ശക്തമായ നടപടിയുണ്ടാകും. എത്രയും വേഗം ആയുധങ്ങള്‍ തിരികെ നല്‍കി കീഴടങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നാളെമുതല്‍ പൊലീസ് തെരച്ചില്‍ ആരംഭിക്കും. 

സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അടിയന്തര ധനസഹായമായി പത്തു ലക്ഷം രൂപ വീതം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. വൈദ്യസഹായം നല്‍കാനായി 20 ഡോക്ടര്‍മാര്‍ അടങ്ങിയ എട്ട് സംഘത്തെ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. ഇതില്‍ അഞ്ച് സംഘങ്ങള്‍ സംസ്ഥാനത്ത് എത്തിയിട്ടുണ്ട്. മൂന്നു സംഘങ്ങള്‍ വരുംദിവസങ്ങളില്‍ എത്തും. കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങാതിരിക്കാനുള്ള സൗകര്യങ്ങള്‍ ചെയ്യും. പരീക്ഷകളും ക്ലാസുകളും ഓണ്‍ലൈന്‍ വഴി നടത്തും. 

സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ജോയിന്റ് സെക്രട്ടറിയുടെയും ജോയിന്റ് ഡയറക്ടറുടേയും നേതൃത്വത്തില്‍ ഉന്നത സംഘത്തെ നിയോഗിച്ചു. ഇവര്‍ മണിപ്പൂരില്‍ ക്യാമ്പ് ചെയ്ത് ആവശ്യ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മണിപ്പൂരില്‍ നാലു ദിവസത്തെ സന്ദര്‍ശനത്തിന് എത്തിയ അമിത് ഷാ, വിവിധ സൈനിക-പൊലീസ് ഉദ്യോഗസ്ഥരോട് ആശയവിനിമയം നടത്തിയിരുന്നു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *