നാളെ മുതൽ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് യൂണിറ്റിന് 19 പൈസ കൂടും

തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് യൂണിറ്റിന് 19 പൈസ കൂടും. ഇന്ധന സർചാർജായി യൂണിറ്റിന് 10 പൈസയും റഗുലേറ്ററി കമ്മിഷൻ അനുവദിച്ച 9 പൈസയും ഉള്‍പ്പെടെ 19 പൈസയാണ് ഈടാക്കുക. ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി.

നേരത്തെ വൈദ്യുതി സർചാർജ് ഇപ്പോൾ ഈടാക്കേണ്ടതില്ലെന്ന് സർക്കാർ തീരുമാനിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. നാളെ മുതൽ ഇന്ധന സർചാർജ് ഇനത്തിൽ യൂണിറ്റിന് 10 പൈസ ഈടാക്കാനുള്ള തീരുമാനത്തിൽ നിന്നും താത്ക്കാലികമായി സർക്കാർ പിന്മാറുമെന്നായിരുന്നു റിപ്പോർട്ട്. രാത്രിയാണ് സർച്ചാർജ് ഈടാക്കാനുള്ള തീരുമാനം ഇറങ്ങിയത്.

അതേസമയം നേരത്തെ വൈദ്യുതി ബോർഡിനു റഗുലേറ്ററി കമ്മിഷന്റെ മുൻകൂട്ടിയുള്ള അനുവാദം ഇല്ലാതെ സ്വമേധയാ പിരിക്കാവുന്ന സർചാർജ് യൂണിറ്റിനു മാസം 10 പൈസയായി പരിമിതപ്പെടുത്തി കമ്മിഷൻ ഉത്തരവിറക്കിയിരുന്നു. വൈദ്യുതി താരിഫ് ചട്ടങ്ങളുടെ കരടിൽ ഒരുമാസം പരമാവധി 20 പൈസ വരെ പിരിക്കാമെന്നായിരുന്നു പറഞ്ഞിരുന്നത്. തെളിവെടുപ്പിനുശേഷം കമ്മിഷൻ ഇറക്കിയ അന്തിമചട്ടങ്ങളിലാണ് ഇതു 10 പൈസയായി കുറച്ചത്.

സർചാർജ് ഈടാക്കുന്നതിനുള്ള വരവുചെലവു കണക്കുകൾ ബോർഡ് സ്വയം തയാറാക്കി പിരിച്ചെടുത്താൽ പോരെന്നും അത് ഓഡിറ്റർ പരിശോധിക്കണമെന്നും നിർദേശമുണ്ടായിരുന്നു.പാരമ്പര്യേതര ഊർജം മാത്രം ഉപയോഗിക്കുന്നവർക്കു (ഗ്രീൻ താരിഫ്) സർചാർജ് നേരത്തെ തന്നെ ഒഴിവാക്കിയിരുന്നു. ഗ്രീൻ താരിഫ് എത്രയായിരിക്കുമെന്നു വ്യക്തമാക്കി പിന്നീടു കമ്മിഷൻ ഉത്തരവിറക്കും.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *