ന്യൂഡൽഹി : ബ്രിജ് ഭൂഷൺ എംപിയുടെ അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധിച്ച് ഗംഗാനദിയിൽ മെഡലുകൾ ഒഴുക്കുന്ന തീരുമാനത്തിൽ നിന്നും ഗുസ്തി താരങ്ങൾ പിന്മാറി . ഹരിദ്വാറിലെത്തിയ കർഷക നേതാക്കളുടെ ഇടപെടലാണ് തീരുമാനത്തിനു പിന്നിൽ. ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി ഹരിദ്വാറിലെത്തിയ ഭാരതീയ കിസാൻ യൂണിയൻ(ബികെയു) നേതാവ് രാകേഷ് ടികായത്ത് ഉൾപ്പെടെയുള്ളവർ താരങ്ങളിൽനിന്ന് മെഡലുകൾ തിരികെ വാങ്ങി. മെഡൽ ഒഴുക്കരുതെന്ന് ആവശ്യപ്പെട്ട ഇവർ താരങ്ങളുമായി സംസാരിച്ചു. ഖാപ് നേതാക്കളും ഇവർക്കൊപ്പമുണ്ട്. ബ്രിജ് ഭൂഷനെതിരെ അഞ്ചു ദിവസത്തിനുള്ളിൽ നടപടി വേണമെന്ന് താരങ്ങൾ അന്ത്യശാസനം നൽകി.
ഗംഗാ നദിയിൽ മെഡലുകൾ ഒഴുക്കുന്നതിനായാണ് ഗുസ്തി താരങ്ങൾ ഹരിദ്വാറിലെത്തിയത്. മെഡലുകൾ നെഞ്ചോടു ചേർത്തു പിടിച്ച് കണ്ണീരണിഞ്ഞാണ് താരങ്ങളുടെ വിഡിയോ മാധ്യമങ്ങളിൽ പ്രചരിക്കുന്നതിനിടെയാണ് പിന്തുണയുമായി കർഷക നേതാക്കൾ എത്തിയത്. താരങ്ങൾക്ക് പിന്തുണയുമായി വൻ ജനാവലിയാണ് ഹരിദ്വാറിൽ എത്തിയത്. ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി ഇന്ത്യയുടെ മുൻ ക്രിക്കറ്റ് താരം അനിൽ കുംബ്ലെ രംഗത്തെത്തി. ജന്തർ മന്തറിലെ പൊലീസ് നടപടി ഞെട്ടിക്കുന്നതെന്ന് താരം വ്യക്തമാക്കി. അനിൽ കുംബ്ലെയെ സല്യൂട്ട് ചെയ്യുന്നുവെന്ന് കോൺഗ്രസ് നേതാവ് ജയ്റാം രമേശ് പറഞ്ഞു.
പൊലീസ് ഇടപെടലിനു പിന്നാലെയാണ് ഗുസ്തി താരങ്ങളുടെ കടുത്ത തീരുമാനം. രാജ്യത്തിനായി പൊരുതി നേടിയ മെഡലുകള്‍ ഗംഗയില്‍ എറിയുമെന്നു ഇന്നാണ് ഗുസ്തി താരങ്ങള്‍ പ്രഖ്യാപിച്ചത്. ലൈംഗികാതിക്രമ പരാതിയില്‍ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ചാണു താരങ്ങളുടെ കടുത്ത തീരുമാനം.