ന്യൂഡൽഹി : പൊലീസ് ഇടപെടലിനു പിന്നാലെ സമരം ശക്തമാക്കി ഗുസ്തി താരങ്ങൾ. രാജ്യത്തിനായി പൊരുതി നേടിയ മെഡലുകള്‍ ഗംഗയില്‍ എറിയുമെന്നു ഗുസ്തി താരങ്ങള്‍ പ്രഖ്യാപിച്ചു. ലൈംഗികാതിക്രമ പരാതിയില്‍ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ചാണു താരങ്ങളുടെ കടുത്ത തീരുമാനം.
‘‘ഈ മെഡലുകൾ ഞങ്ങളുടെ ജീവിതമാണ്, ആത്മാവാണ്. വിയര്‍പ്പൊഴുക്കി നേടിയ മെഡലുകള്‍ക്കു വിലയില്ലാതായി. വൈകിട്ട് ആറിന് ഹരിദ്വാറില്‍വച്ച് ഞങ്ങളുടെ മെഡലുകള്‍ ഗംഗയിലേക്ക് എറിഞ്ഞുകളയും. അതിനുശേഷം ഇന്ത്യാ ഗേറ്റിൽ ഞങ്ങൾ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങും’’– ഗുസ്തി താരം ബജ്‌രംഗ് പുനിയ പറഞ്ഞു. ആത്മാഭിമാനം പണയം വച്ച് ജീവിക്കാനില്ലെന്നും സമാധാനപരമായി സമരം ചെയ്തിട്ടും കുറ്റവാളികളോടെന്ന പോലെയാണു പൊലീസ് പെരുമാറിയതെന്നും താരങ്ങള്‍ പറഞ്ഞു.
ബലംപ്രയോഗിച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തതെന്നു പുനിയ വ്യക്തമാക്കി. സുരക്ഷാ കാരണങ്ങളാൽ ജന്തർമന്തറിൽ സമരം തുടരാൻ അനുവദിക്കില്ലെന്നും നഗരത്തിലെ ഉചിതമായ മറ്റൊരു സ്ഥലം സമരത്തിനുവേണ്ടി അനുവദിക്കാമെന്നും ഡൽഹി പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസത്തെ സംഭവങ്ങളിൽ ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്‌രംഗ് പുനിയ തുടങ്ങിയവരെ പ്രതിചേർത്തു ഡൽഹി പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തു. കലാപമുണ്ടാക്കൽ, നിയമവിരുദ്ധമായി സംഘം ചേരൽ, പൊതുപ്രവർത്തകരുടെ ജോലി തടസ്സപ്പെടുത്തൽ തുടങ്ങി 6 വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.