തിരുവനന്തപുരം: മുൻകൂട്ടിയുള്ള അനുവാദം ഇല്ലാതെ കെഎസ്ഇബിക്ക് സ്വമേധയാ പിരിക്കാവുന്ന വൈദ്യുത സർചാർജ് യൂണിറ്റിന് മാസം പരമാവധി 10 പൈസയാക്കി റഗുലേറ്ററി കമീഷൻ ഉത്തരവ്: താൽക്കാലിക തീരുമാനത്തിൽ ഇത് മാസം 20 പൈസയായിരുന്നു. തെളിവെടുപ്പിനുശേഷം 10 പൈസയാക്കി തിങ്കളാഴ്ച ഉത്തരവിറക്കി.
ഏതെങ്കിലും മാസം സർചാർജ് 10 പൈസയിൽ കൂടുതൽ ആയാൽ മൂന്നുമാസം ആകുമ്പോൾ കുടിശ്ശിക തുകയുടെ കണക്ക് വ്യക്തമാക്കി കമീഷന് പ്രത്യേകം അപേക്ഷ സമർപ്പിക്കണം. ഈ തുക എങ്ങനെ പിരിച്ചെടുക്കണമെന്ന് തെളിവെടുപ്പ് നടത്തി കമീഷൻ തീരുമാനിക്കും.ഓരോ മാസവും സർചാർജിൽ മാറ്റം വരുന്ന സാഹചര്യത്തിൽ ഗാർഹിക ഉപയോക്താക്കളുടെയും മറ്റും ദ്വൈമാസ ബില്ലിൽ രണ്ടുമാസത്തെ ശരാശരി സർചാർജ് നിരക്ക് ആണ് ഈടാക്കേണ്ടതെന്നും ചട്ടങ്ങളിൽ പറയുന്നു. ഓരോ മാസവും ബിൽ ലഭിക്കുന്ന ഉപയോക്താക്കൾക്ക് ഇതു ബാധകമല്ല.
വൈദ്യുതി ബോർഡിന്റെ പ്രസരണ ലൈനുകൾ സ്വകാര്യവൽക്കരിക്കുന്നതിനെ തെളിവെടുപ്പിൽ ആരും എതിർക്കാത്ത സാഹചര്യത്തിൽ അതിനുള്ള വ്യവസ്ഥ അന്തിമ ചട്ടത്തിൽ അതേപടി തുടരും. സംസ്ഥാന സർക്കാർ നയതീരുമാനം എടുക്കുന്ന മുറയ്ക്ക് സ്വകാര്യ പങ്കാളിത്തം ആകാമെന്നാണ് ചട്ടങ്ങളിൽ പറയുന്നത്.