വിദേശ വിമാനങ്ങൾക്കുള്ള അനുമതി വൈകുന്നു,കണ്ണൂര്‍ വിമാനത്താവളത്തിന്റെ ചിറകരിഞ്ഞ് കേന്ദ്രം

വിദേശ വിമാനങ്ങൾക്കുള്ള അനുമതി വൈകുന്നു,കണ്ണൂര്‍ വിമാനത്താവളത്തിന്റെ ചിറകരിഞ്ഞ് കേന്ദ്രം

കണ്ണൂർ : പിറവിയുടെ നാലാം വർഷത്തിലും യാത്രികരുടെ എണ്ണത്തിൽ കുതിച്ചുയരാനാകാതെ  കണ്ണൂർ വിമാനത്താവളം. വിദേശ വിമാന സർവീസിനുള്ള കേന്ദ്രാനുമതി വൈകുന്നതാണ് കണ്ണൂർ വിമാനത്താവളത്തിന് തിരിച്ചടിയാകുന്നത്. ഉത്തരകേരളത്തിന്റെ എയർ കാർഗോ ഹബ് എന്ന നിലയിൽ കൂടി വിഭാവനം ചെയ്ത വിമാനത്താവളത്തിൽ വിദേശ സർവീസുകൾ എത്താത്തത് ടൂറിസം-കൃഷി മേഖലക്കും തിരിച്ചടിയാണ്.

വിമാനത്താവളം സ്ഥിതിചെയ്യുന്നത് ഗ്രാമ പ്രദേശത്താണെന്നും കേരളത്തില്‍ ഇതിനകം തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങള്‍ക്ക് പോയിന്റ് ഓഫ് കോള്‍ പദവി ഉണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് വിദേശ കമ്പനികളുടെ സർവീസ് ആരംഭിക്കാനുള്ള അനുമതി കേന്ദ്രം തടയുന്നത്. സംസ്ഥാന സർക്കാരും കിയാലും  നിരന്തരം ആവശ്യപ്പെട്ടിട്ടും അനുഭാവപൂർണമായ ഒരു നടപടിയും ഉണ്ടായില്ല.  എമിറേറ്റ്സ്, ശ്രീലങ്കൻ എയർലൈൻസ്, മലിൻഡോ എയർ, സിൽക് എയർ‌ തുടങ്ങി ഒട്ടേറെ വിദേശ  കമ്പനികൾ കണ്ണൂരിൽനിന്ന് സർവീസ് നടത്താൻ  നേരത്തെ തന്നെ താൽപ്പര്യം പ്രകടിപ്പിച്ചിരുന്നു.

ഭൂമി അക്വയർ ചെയ്താൽ അനുമതി നൽകാമെന്നായിരുന്നു കേന്ദ്രം ആദ്യം പറഞ്ഞത്. തുടർന്ന്‌  ആവശ്യപ്പെട്ടതിലേറെ ഭൂമി ഏറ്റെടുത്ത്‌ നൽകിയിട്ടും അവഗണന തുടരുന്നു. ആഭ്യന്തര സർവീസുകളുടെ എണ്ണം കൂട്ടാമെന്നും അങ്ങനെ എയർപോർട്ട് ലാഭകരമാക്കാമെന്നുമാണ് കേന്ദ്ര സിവിൽ വ്യോമയാന മന്ത്രാലയം കിയാലിനു നല്കിയിരിക്കുന്ന നിർദേശം. പോയിന്റ് ഓഫ് കോൾ അനുമതി നൽകുമെന്ന പ്രതീക്ഷയിലാണ് വിമാനത്താവളത്തില്‍ കാർഗോ കോംപ്ലക്സും ആരംഭിച്ചത്. കോവിഡ് കാലത്ത് യാത്രക്കാരെ എത്തിക്കാൻ വൈ‍ഡ് ബോഡി സർവീസ് നടത്തിയതല്ലാതെ പിന്നീട് കണ്ണൂരിൽ വലിയ വിമാനങ്ങൾ എത്തിയിട്ടില്ല.

വൈഡ് ബോഡി വിമാനങ്ങള്‍ക്ക് സുഗമമായി സര്‍വീസ് നടത്താനാകുംവിധം 3050 മീറ്റര്‍ റണ്‍വേ കണ്ണൂരിലുണ്ട്‌. 97,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള ടെര്‍മിനല്‍ ഏരിയയില്‍ ഒരു മണിക്കൂറില്‍ 2000 യാത്രക്കാരെ ഉള്‍ക്കൊള്ളാനാകും. ഹജ്ജ് തീർഥാടന മാസം കഴിയുന്നതുവരെ തുടർച്ചയായി വലിയ വിമാനങ്ങൾ സർവീസ് നടത്തുന്നതിനാൽ വിമാനത്താവളം പൂർണതോതിൽ വലിയ വിമാന സർവീസ് തുടങ്ങുന്നതിന് സജ്ജമാണ് എന്നും വ്യക്തം.  ഉത്തര മലബാറിലെയും കർണാടകത്തിലെ കുടക്‌, മൈസൂരു, തമിഴ്‌നാട്ടിലെ ഊട്ടി എന്നിവിടങ്ങളിലെയും ലക്ഷക്കണക്കിന്‌ പ്രവാസികളാണ്‌ വിമാനത്താവളത്തിന്റെ പ്രധാന ഗുണഭോക്താക്കൾ. ഇന്ത്യന്‍ വിമാന കമ്പനികളെ മാത്രം ആശ്രയിച്ച് കിയാലിന്‌ പുരോഗതി കൈവരിക്കാനാവില്ല. 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *